Asianet News MalayalamAsianet News Malayalam

മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍റെ കബറിടം സൗന്ദര്യവത്കരിച്ചു, വിവാദം; അന്വേഷണത്തിന് ഉത്തരവ്

നവീകരണം വിവാദമായതോടെ കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ ഇന്ന്  രാവിലെ നീക്കം ചെയ്തിട്ടുണ്ട്.  സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

Maharasthra government  Orders Inquiry Into Glorification Of Yakub Memon Grave
Author
First Published Sep 8, 2022, 4:52 PM IST

മുംബൈ: മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്‍റെ കബറിടം സൗന്ദര്യവത്കരിച്ചത് വിവാദമാകുന്നു. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ശിവസേന സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി. നവീകരണം വിവാദമായതോടെ കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ ഇന്ന്  രാവിലെ നീക്കം ചെയ്തിട്ടുണ്ട്.  സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.  ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ യാക്കൂബ് മേമന്റെ ശവകുടീരം മോടിപിടിപ്പിച്ചത് സംബന്ധിച്ച് അന്വേഷിക്കാന്‍  മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിക്കുകയും ഉടൻ അന്വേഷണം ആരംഭിക്കണമെന്നുമാണ് നിര്‍ദ്ദേശം.

ശവകുടീരം മോടിപിടിപ്പിച്ചതിക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംഎൽഎമാര്‍  ഏകനാഥ് ഷിൻഡെയ്ക്ക് കത്തയച്ചിട്ടുണ്ട്. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ 2015 ജൂലായ് 30-ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയിരുന്നു. യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ ആയിരുന്നു സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  723 പേര്‍ക്ക് പരിക്കേറ്റിരുന്നു. 

രാജ്യത്തെ ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തിയ ഭീകരന്‍റെ ഖബറിടം ശവകുടീരമായി മോഡിപിടിപ്പിച്ചത് അങ്ങേയറ്റം നീചമായ പ്രവൃത്തിയാണെന്ന് ബിജെപി എംഎൽഎ രാം കദം പറഞ്ഞു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഇത് ചെയ്തത്.  ഇതാണോ അവരുടെ രാജ്യ സ്നേഹം പ്രണയം.  ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ശരദ് പവാറും രാഹുൽ ഗാന്ധിയും മുംബൈയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും  രാം കദം  ആവശ്യപ്പെട്ടു.

Read More : സൈറസ് മിസ്ത്രിയുടെ അപകടമരണം: കാര്‍ പോയത് അമിത വേഗതയിൽ, 20 കിലോമീറ്റര്‍ പിന്നിട്ടത് ഒൻപത് മിനിറ്റിൽ

Follow Us:
Download App:
  • android
  • ios