വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മഹിളാ മോർച്ച രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്ത്രീകളെ ചതിച്ചുവെന്ന് ആരോപിച്ച് രാഹുലിന്റെ കോലം കത്തിച്ച പ്രതിഷേധക്കാരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു. 

ദില്ലി: മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച്. വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം. രാഹുലും സംഘവും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശത്തെ ഇല്ലാതാക്കി പ്രതിപക്ഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു എന്നെല്ലാമാണ് പരാതി. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച്, പൊലീസ് ബാരിക്കേഡ് വച്ച് വഴിയടച്ചു തടഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് മഹിളാ മോർച്ച പ്രവത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചു. ഹേമമാലിനി, രേഖ ഗുപ്ത, ബാൻസുരി സ്വരാജ് അടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തു.

വനിതാ സംവരണത്തെ എതിർത്ത പ്രതിപക്ഷം സ്ത്രീശക്തിയെ അപമാനിച്ചുവെന്നും നാരീശക്തി ഇതിന് പകരം ചോദിക്കുമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ തെരുവിലും സോഷ്യൽ മീഡിയയിലും ബിജെപി ശക്തമായ വിമർശനമാണ് അഴിച്ചുവിടുന്നത്. രാഹുൽ ഗാന്ധിയെയും മറ്റു പ്രതിപക്ഷ നേതാക്കളെയും 'വഞ്ചകർ' എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ബിജെപി ദില്ലി യൂണിറ്റ് പുറത്തിറക്കി. സ്ത്രീകളുടെ 33 ശതമാനം സംവരണം തടഞ്ഞ വില്ലന്മാരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. കറുത്ത ബാഡ്ജുകളും കറുത്ത കൊടികളുമായിട്ടാണ് ബിജെപിയുടെ വനിതാ നേതാക്കൾ മാർച്ചിൽ പങ്കെടുത്തത്.

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ധനമന്ത്രി നിർമ്മല സീതാരാമനും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. കോൺഗ്രസും ഡിഎംകെയും നയിക്കുന്ന പ്രതിപക്ഷ സഖ്യം തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭയിലും ലഭിക്കേണ്ടിയിരുന്ന വലിയൊരു അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. രാഷ്ട്രീയ വിരോധം കാരണം തമിഴ്‌നാടിന്റെ വികസന സാധ്യതകൾ ഇല്ലാതാക്കുകയാണ് സ്റ്റാലിനും രാഹുൽ ഗാന്ധിയും ചെയ്യുന്നതെന്നും മന്ത്രി വിമർശിച്ചു.

131-ാം ഭരണഘടനാ ഭേദഗതി ബിൽ ആണ് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടത്. ബില്ലിന് അനുകൂലമായി 298 വോട്ടുകൾ ലഭിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ പരാജയപ്പെട്ടത്. പാർലമെന്റിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുമാണ് ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.സ്ത്രീ പ്രാതിനിധ്യത്തിലെ കുറവ് പരിഹരിക്കാനും ജനസംഖ്യാ മാറ്റത്തിനനുസരിച്ച് മണ്ഡലങ്ങൾ പുനഃക്രമീകരിക്കാനും ബിൽ അനിവാര്യമാണെന്ന് സർക്കാർ വാദിച്ചു. എന്നാൽ സീറ്റ് പുനഃക്രമീകരണം ഫെഡറൽ സംവിധാനത്തെ ബാധിക്കുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ബിൽ കൊണ്ടുവന്നതെന്നും ആരോപിച്ച് പ്രതിപക്ഷം എതിർത്തു. ബിൽ പരാജയപ്പെട്ടതോടെ വരും ദിവസങ്ങളിൽ സ്ത്രീ ശാക്തീകരണത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ പോരാട്ടം രാജ്യത്ത് ശക്തമാകുമെന്ന് ഉറപ്പായി.

YouTube video player