Asianet News MalayalamAsianet News Malayalam

'സിബിഐയുടെ രാഷ്ട്രീയക്കളി ചില നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, തടയണം'; തെരഞ്ഞെടുപ്പ് കമ്മീഷന് മഹുവയുടെ പരാതി

പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശം വേണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കടുത്ത നടപടി ഉണ്ടാകാൻ പാടില്ലെന്നും മഹുവ മൊയ്ത്ര

Mahua Moitra wrote to Election Commission against the CBI raids on her various properties vkv
Author
First Published Mar 24, 2024, 4:52 PM IST

ദില്ലി: അന്വേഷണത്തിന്‍റെ പേരിൽ സിബിഐ  രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. സിബിഐ പ്രർത്തിക്കുന്നത് രാഷ്ട്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ നൽകിയ പരാതിയിൽ പറയുന്നു.

പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശം വേണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കടുത്ത നടപടി ഉണ്ടാകാൻ പാടില്ലെന്നും മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം സിബിഐ മഹുവയുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.

പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ സ്ഥാനാർത്ഥിയായിരിക്കെയാണ് മഹുവയുടെ വസതിയില്‍ പരിശോധന നടന്നത്. മഹുവയുടെ കൊൽക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാർട്മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാർട്മെന്‍റിലുമായിരുന്നു സിബിഐ റെയ്ഡ് നടത്തിയത്. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് മഹുവയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 

നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയിൽ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തത്. കോഴക്കേസിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസമാണ് സിബിഐക്ക് ലോക്‌പാൽ നിർദേശം നൽകിയത്. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ്.

Read More : മഹുവാ മോയ്ത്രയുടെ ബംഗാളിലെ വീട്ടിൽ സിബിഐ റെയ്ഡ്; പാർലമെന്റിലെ ചോദ്യത്തിന് കോഴ ആരോപണത്തിൽ നടപടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios