ക്ലാസുകളിൽ ഇരിക്കുമ്പോൾ ഉണ്ടാവുന്ന അപമാനം ഭയന്ന് വിദ്യാർത്ഥികൾ ക്ലാസുകളിൽ കയറാൻ പോലും മടിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ
കൊൽക്കത്ത: കൊൽക്കത്തയെ ഞെട്ടിച്ച ബലാത്സംഗ കേസിലെ പ്രധാന പ്രതിയായ മനോജിത് മിശ്ര വിദ്യാർഥികൾക്കിടയിൽ പേടിസ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. കൊൽക്കത്ത ലോ കോളേജിലെ മുൻ വിദ്യാർത്ഥിയാണ് പഠനകാലത്തും പിന്നീട് കരാർ ജീവനക്കാരനായും തിരിച്ച് മനോജിത് മിശ്ര ക്യാംപസിലെത്തിയപ്പോഴും വിദ്യാർത്ഥികൾക്കിടയിൽ ഭയമുണ്ടായിരുന്നതായി എൻഡിടിവിയോട് പ്രതികരിച്ചത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ എടുത്ത ശേഷം അത് മോർഫ് ചെയ്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതും വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗിക്കുന്നതും മനോജിത് മിശ്ര പതിവായി എന്ന രീതിയിൽ ചെയ്തിരുന്ന കാര്യമാണെന്നാണ് ആരോപണം.
ക്ലാസുകളിൽ ഇരിക്കുമ്പോൾ ഉണ്ടാവുന്ന അപമാനം ഭയന്ന് വിദ്യാർത്ഥികൾ ക്ലാസുകളിൽ കയറാൻ പോലും മടിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. മനോജിത് മിശ്രയ്ക്ക് എതിരെ നിരവധി പരാതികൾ ക്യാംപസിലുണ്ടായിരുന്നു. 2019ൽ കോളേജിൽ വച്ച വിദ്യാത്ഥിനിയെ അപമാനിക്കാൻ ശ്രമിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയും ചെയ്തു. 2024ൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കി കോളേജിൽ അക്രമാന്തരീക്ഷം സൃഷ്ടിച്ചു. മനോജിത് മിശ്രയെ മാംഗോ മിശ്ര എന്ന പേരിലായിരുന്നു ക്യാംപസിൽ അറിയപ്പെട്ടിരുന്നു.
മനോജിത് മിശ്രയുടെ രാഷ്ട്രീയ സ്വാധീനം ഭയന്ന് ആരും പ്രതികരിച്ചില്ല. മോഷണക്കുറ്റമടക്കം ഇയാൾക്കെതിരെയുണ്ട്. എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല. ഇയാളുടെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകൾ പോലും ഉപേക്ഷിച്ചു. പലരും പാതിവഴിയിൽ പഠനം നിർത്തുകയും ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. കോളജിൽനിന്ന് പഠിച്ചിറങ്ങിയ ശേഷം കരാർ ജീവനക്കാരനായി തിരിച്ചെത്തിയ പൂർവ്വ വിദ്യാർത്ഥിയായ മനോജിത് മിശ്രയെ വിദ്യാർത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. കാളിഘട്ട് ക്ഷേത്രത്തിലെ പൂജാരിയായ മനോജിത് മിശ്രയുടെ പിതാവ് അടക്കം ഇയാളെ ഉപേക്ഷിച്ചിരുന്നുവെന്നാണ് പൂർവ്വ വിദ്യാർത്ഥി എൻഡി ടിവിയോട് വിശദമാക്കിയത്. നിയമവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായതുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


