പാലക്കാട് തൃത്താല സ്വദേശി മാലിക്കിനെയാണ് ഈ മാസം 13 മുതൽ കാണാതായത്. ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയെന്ന് നിഗമനം. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്
മംഗളൂരു: മംഗളൂരുവിൽ നിന്ന് മലയാളി വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് തൃത്താല സ്വദേശി മാലിക്കിനെയാണ് ഈ മാസം 13 മുതൽ കാണാതായത്. ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയെന്ന് നിഗമനം. മൂന്നര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെയാണ് യുവാവിനെ കാണാതായത്. യേനപോയ ആയുഷ് ക്യാമ്പസിലെ രണ്ടാം വർഷ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക്ക് സയൻസ് വിദ്യാർത്ഥിയാണ് മാലിക്ക്.
അടൂരിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്
അതിനിടെ പത്തനംതിട്ടയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അടൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് പിടികൂടി എന്നതാണ്. ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനിൽ രമേശ് ഭാര്യ മഞ്ജു(28), മുക്കുവണ്ടം പണയം വയ്ക്കാൻ ഏൽപ്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തൻവീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന നിഖിൽ (27), അടൂർ കനാൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് സ്വദേശിയായ സരള ഭവനിൽ സജിത്ത് (30) എന്നിവരാണ് പിടിയിലായത്. അടൂർ സ്റ്റേഷൻ പരിധിയിൽ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് രാഘവൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തിൽ മുക്കുവണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിലേക്ക് നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലേക്ക് പ്രതിയെ നൂറനാട് പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പൊലീസ് ജീപ്പിലെത്തി ഐജിയെന്ന് പറഞ്ഞ് തട്ടിപ്പ്
അതിനിടെ തൃശൂരിൽ നിന്ന് പുറത്തുവന്ന വാർത്ത വ്യാജ ഐ ജി ചമഞ്ഞ് പൊലീസിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും കൈപ്പറ്റിയ പ്രതിക്ക് 10 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശിയായ ഭാനുകൃഷ്ണ എന്നുവിളിക്കുന്ന മിഥുനാണ് (28) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപയും 16 പവന്‍റെ സ്വർണാഭരണങ്ങളും കൈക്കലാക്കിയ കേസിലാണ് വിധി. പിഴ ഒടുക്കിയാൽ ആ തുക പരാതിക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ ഒടുക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കണം.


