തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‍യ്ക്ക് അഭിനന്ദനങ്ങളുമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. തമിഴ്നാട്ടിലെ ജനങ്ങൾ വലിയൊരു ഉത്തരവാദിത്തമാണ് വിജയ്‍യ്ക്ക് നൽകിയിരിക്കുന്നതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‍യ്ക്ക് അഭിനന്ദനങ്ങളുമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും തകർത്തെറിയുന്ന വിജയ്‌യെ ആണ് സിനിമയിൽ കണ്ടതെന്നും എന്നാലിപ്പോൾ സിനിമയിലെ ഏതൊരു വേഷത്തേക്കാളും വലിയൊരു ഉത്തരവാദിത്തമാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയ്‌യെ ഏൽപ്പിച്ചിരിക്കുന്നതെന്നും മലേഷ്യൽ പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ വിജയ്‍യുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹവും അൻവർ ഇബ്രാഹിം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രകടിപ്പിച്ചു.

മലേഷ്യൻ പ്രധാനമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ
"തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് വിജയ്‍യെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. വർഷങ്ങളോളം, തന്റെ ആരാധകർക്ക് മുന്നിൽ മൂന്ന് മണിക്കൂറിനുള്ളിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും തകർത്തെറിയുന്ന വിജയ്‌യെയാണ് നമ്മൾ കണ്ടത്.
ഇപ്പോൾ, സിനിമയിലെ ഏതൊരു വേഷത്തേക്കാളും വലിയൊരു ഉത്തരവാദിത്തമാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ വിജയിയെ ഏൽപ്പിച്ചിരിക്കുന്നത്. 'ഒരു വിരൽ പുരട്‌ചി' (ഒരു വിരൽ വിപ്ലവം) ഇപ്പോൾ ചരിത്രം സൃഷ്ടിക്കുന്നതിന്റെ പടിവാതിൽക്കലാണ്. മലേഷ്യയും തമിഴ്‌നാടും തമ്മിൽ തലമുറകളായുള്ള ആഴമേറിയ ചരിത്രപരവും സാംസ്കാരികവുമായ ബന്ധമാണുള്ളത്. വരും വർഷങ്ങളിൽ മുഖ്യമന്ത്രി വിജയ്‍യുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു".
ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് ടിവികെ അധ്യക്ഷനായ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തമിഴ്നാട് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 108 ഇടത്ത് വിജയിച്ചാണ് ടിവികെ വൻ മുന്നേറ്റം നടത്തിയത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെ ആണ് വിജയ് സർക്കാർ രൂപീകരിച്ചത്. അതിനിടെ, അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ സഭയിൽ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് സി വി ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള എംഎൽഎമാരാണ് പിന്തുണ അറിയിച്ചത്.


