പശ്ചിമ ബംഗാളിലെ മാൾഡ ജില്ലാ കോൺഗ്രസ് നേതൃത്വം, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി ആറ് കർശന നിബന്ധനകൾ പുറത്തിറക്കി. അഴിമതിക്കാരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഒഴിവാക്കി, പാർട്ടിയുടെ ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നവരെ മാത്രം ഉൾപ്പെടുത്താനാണ് ഈ നീക്കം

മാൾഡ: തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് വരാൻ ആഗ്രഹിക്കുന്ന നേതാക്കൾക്കും അണികൾക്കുമായി ആറിന നിബന്ധനകൾ പുറത്തിറക്കി പശ്ചിമ ബംഗാളിലെ മാൾഡ ജില്ലാ കോൺഗ്രസ് നേതൃത്വം. ബംഗാളിൽ ഭരണം മാറിയതിന് പിന്നാലെ ബി.ജെ.പി തങ്ങൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചതോടെയാണ് പല തൃണമൂൽ നേതാക്കളും രാഷ്ട്രീയ അഭയം തേടി കോൺഗ്രസിനെ സമീപിക്കാൻ തുടങ്ങിയത്. ഇതിനെ നിയന്ത്രിക്കാനാണ് കോൺഗ്രസിന്റെ പുതിയ നീക്കം. പശ്ചിമ ബംഗാളിന്റെ മിക്ക ഭാഗങ്ങളിലും കോൺഗ്രസിന് സ്വാധീനം കുറവാണെങ്കിലും മാൾഡ, മുർഷിദാബാദ് ജില്ലകൾ പാർട്ടിക്ക് സ്വാധീനമുള്ള ഇടങ്ങളാണ്. നിലവിൽ ബംഗാളിൽ നിന്നുള്ള ഏക കോൺഗ്രസ് എം.പിയായ ഈഷാ ഖാൻ ചൗധരിയാണ് മാൾഡ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ. അദ്ദേഹമാണ് പുതിയ ആറിന നിബന്ധനകൾ അടങ്ങിയ നിർദ്ദേശം പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്ലോക്ക്, ഏരിയ, ജില്ലാ തലങ്ങളിലുള്ള കോൺഗ്രസ് കമ്മിറ്റികൾ അപേക്ഷകരുടെ പശ്ചാത്തലം വിശദമായി പരിശോധിച്ച ശേഷമേ പാർട്ടിയിലേക്ക് എടുക്കൂ എന്ന് നിർദ്ദേശത്തിൽ പറയുന്നു. അഴിമതി ആരോപണങ്ങൾ നേരിടുന്ന ഒരാളെയും പാർട്ടിയിൽ പ്രവേശിപ്പിക്കില്ല. പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് അപേക്ഷകരെങ്കിൽ അവരുടെ പ്രവർത്തന മികവും പൊതുപ്രതിച്ഛായയും പ്രാദേശിക കോൺഗ്രസ് നേതൃത്വം വിലയിരുത്തും. മഹാത്മാഗാന്ധിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെപ്പിടിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് അപേക്ഷകർ ഉറപ്പുനൽകണം. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി കോൺഗ്രസിനെ ഉപയോഗിക്കാൻ അനുവദിക്കില്ല. ക്രിമിനൽ പശ്ചാത്തലമുള്ള ആരുടെയും അപേക്ഷ പരിഗണിക്കില്ല. പാർട്ടിയിലേക്ക് വരുന്നവർ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെക്കാൻ പാടില്ലെന്നും അച്ചടക്കം കർശനമായി പാലിക്കണമെന്നും നിബന്ധനയുണ്ട്. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ എത്ര വലിയ സ്വാധീനമുള്ള നേതാവാണെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തൃണമൂലിലേക്ക് മാറിയിരുന്നു. തൃണമൂലിന് ഭരണം നഷ്ടപ്പെട്ടതോടെ ഇവരിൽ പലരും ബിജെപിയിലോ കോൺഗ്രസിലോ ചേക്കേറാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലാ കോൺഗ്രസ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ഈ തീരുമാനത്തെ താഴേത്തട്ടിലെ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പാർട്ടിയിൽ ചേരുന്ന തൃണമൂൽ നേതാക്കൾക്ക് ഉടൻ തന്നെ ഭാരവാഹിത്വങ്ങൾ നൽകരുതെന്നും, കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സാധാരണ പ്രവർത്തകരായി കോൺഗ്രസ് നേതാക്കൾക്ക് കീഴിൽ പ്രവർത്തിച്ച ശേഷമേ പദവികൾ നൽകാവൂ എന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.