മഹാരാഷ്ട്രയിലെ പ്രാണഹിത നദിയാണ് ഒരു കടുവ നീന്തിക്കടന്നിട്ടുള്ളത്. തെലങ്കാനയിലെ കാഗസ്നഗറിലേക്കാണ് ഈ കടുവ എത്തിയിട്ടുള്ളത്
ആദിലാബാദ്: മധ്യേന്ത്യയിൽ കടുവകൾക്ക് ഇത് പ്രജനന കാലമാണ്. മിക്ക കാടുകളിലും വനം വകുപ്പ് കടുവകളുടെ അസാധാരണ നീക്കങ്ങൾ ശ്രദ്ധിക്കുന്നതിനിടെ കണ്ടത് പങ്കാളിയെ തേടി മഹാരാഷ്ട്രയിൽ നിന്ന് തെലങ്കാനയിലേക്ക് നീന്തിയെത്തുന്ന ഒരു കടുവയെ. മഹാരാഷ്ട്രയിലെ പ്രാണഹിത നദിയാണ് ഒരു കടുവ നീന്തിക്കടന്നിട്ടുള്ളത്. തെലങ്കാനയിലെ കാഗസ്നഗറിലേക്കാണ് ഈ കടുവ എത്തിയിട്ടുള്ളത്. താൽക്കാലികമായി കാഗസ്നഗറിലെ വന ഇടനാഴിയിൽ ആധിപത്യം സ്ഥാപിക്കാനും ഇണയെ കണ്ടെത്താനുമാണ് ഈ യാത്രയെന്നാണ് വന്യജീവി വിദഗ്ധർ വിശദമാക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ കൻഹർഗാവ് വന്യജീവി സങ്കേതത്തിൽ നിന്ന് കൊമരം ഭീം ആസിഫാബാദ് ജില്ലയിലെ കഗസ്നഗർ ഇടനാഴിയിലേക്ക് കടുവ എത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് മധ്യേന്ത്യയിൽ കടുവകളുടെ പ്രജനന കാലം. ഈ കാലയളവിൽ ഇണകളെ തേടി ആൺ കടുവകൾ വലിയ ദൂരങ്ങൾ താണ്ടുന്നത് പതിവാണ്.
ഇണയെ തേടി മഹാരാഷ്ട്രയിലെ പ്രാണഹിത നദി നീന്തിക്കയറി
മഹാരാഷ്ട്ര സംരക്ഷിത വനമേഖലയിലെ കർജെല്ലി റേഞ്ചിലെ ഇത്തിഖൽ പഹാഡ് വനമേഖലയിലൂടെയാണ് കടുവ തെലങ്കാനയിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ നിലയിൽ കടുവകൾ സംസ്ഥാനാതിർത്തി കടക്കുന്ന മേഖല കൂടിയാണ് ഇവിടം. അടുത്തിടെ കഗസ്നഗർ ഡിവിഷനിൽ 2200 ഏക്കറോളം വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ച് തോട്ടമാക്കി മാറ്റിയിരുന്നു. ദിവസവും 40 മുതൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ഈ കടുവയെ അവസാനമായി കണ്ടത് മഞ്ചേരിയൽ വനമേഖലയ്ക്ക് സമീപമാണ്. ക്യാമറ ട്രാപ്പുകളും മറ്റ് ട്രാക്കിംഗ് രീതികളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഇതിന്റെയും സ്ഥിരം കടുവകളുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
വസന്ത കാലത്ത് കടുവകൾ പ്രാൺഹിത നദി മുറിച്ച് കടക്കാറുണ്ട്. ഇണ, ഭക്ഷണം, വെള്ളം ഇവ ലക്ഷ്യമാക്കിയാണ് ഈ പ്രയാണം. ഇത്തരത്തിൽ നദി മുറിച്ച് കടക്കുന്നതിൽ ചില കടുവകൾ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ കാഗ്സ്നഗർ ഇടനാഴികളിൽ സ്ഥിര താമസം ആക്കാറുണ്ട്. കഴിഞ്ഞ വർഷം നാല് കടുവകളാണ് ഇത്തരത്തിൽ കുടിയേറ്റം നടത്തിയത്. ഇതിലൊരു കടുവ തിരികെ പോവുന്നതിന് മുൻപായി സിദ്ദിപ്പേട്ട് വരെ സഞ്ചരിച്ചിരുന്നു. കാലികളെ കടുവകൾ കൊലപ്പെടുത്തിയാൽ വെറ്റിനറി വിദഗ്ദൻ സാക്ഷ്യപ്പെടുത്തിയാൽ ഒരു ആഴ്ചയ്ക്കുള്ളിൽ കർഷകന് നഷ്ടപരിഹാരം നൽകുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.


