Asianet News MalayalamAsianet News Malayalam

ഇടപെട്ട് കോൺഗ്രസ് അധ്യക്ഷൻ, ഗെലോട്ടുമായി സംസാരിക്കും, രാജസ്ഥാൻ കോൺഗ്രസിന്റെ പതനം ഉടനെന്ന് ബിജെപി

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുര്‍ജറുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നതും പ്രാധാന്യമർഹിക്കുന്നു. 

mallikarjun kharge will talk to rajasthan cm ashok gehlot over sachin pilot congress controversy
Author
First Published Nov 25, 2022, 11:30 AM IST

ജയ്പൂർ : രാജസ്ഥാൻ കോൺഗ്രസിനുള്ളിലെ തർക്കം ഒരിടവേളക്ക് ശേഷം വീണ്ടും കത്തിക്കയറുന്നതിന്റ ആശങ്കയിലാണ് കോൺഗ്രസ് ക്യാമ്പ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം അധികാരത്തിലേറി നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന് തിരിച്ചടിയാണ്. അവസാന ഒരു വർഷമെങ്കിലും  മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാണ് സച്ചിൻ പൈലറ്റ് വിഭാഗം മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ പൈലറ്റിന്റെ സ്വപ്നം നടക്കില്ലെന്നും വഴങ്ങില്ലെന്നാണ് ഗെലോട്ടിന്റെ നിലപാട്. ഇരു കൂട്ടരും പരസ്പരം പോരടിക്കുന്നത് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറുകയാണ്. 

അധികാര തർക്കം അവസാനിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇടപെടുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കോൺഗ്രസ് അധ്യക്ഷ സ്ഥാനം വേണ്ടെന്ന് വെച്ച് അധികാരത്തിൽ തുടരുന്ന അശോക് ഗലോട്ടുമായി ഖാർഗെ സംസാരിക്കും. ഗെലോട്ടിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഖാർഗേ മുന്നോട്ട് വെക്കുക. നിലവിൽ പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം ഭാരത് ജോഡോ യാത്രക്ക് ഒപ്പമാണ് സച്ചിൻ പൈലറ്റുള്ളത്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെയാണ് ഈ പുതിയ നീക്കങ്ങളെന്നതാണ് ശ്രദ്ധേയം.

പരിഹരിക്കാവുന്ന പ്രശ്നങ്ങളേ രാജസ്ഥാനിലുള്ളെന്ന് ജയറാം രമേശ്; ഇനിയും പ്രതികരിക്കാതെ ഖർ​ഗെ

അതേ സമയം, സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ സമുദായവും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ഗുര്‍ജര്‍ വിഭാഗം നേതാവ് വിജയ് സിംഗ് ബെന്‍സ്ല ഭീഷണി മുഴക്കിയത്. മധ്യപ്രദേശ് കഴിഞ്ഞാല്‍ യാത്ര രാജസ്ഥാനിലേക്ക് കടക്കും. നാല്‍പതിലധികം സീറ്റുകളില്‍ സ്വാധീനമുള്ള ഗുര്‍ജറുകള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുര്‍ജറുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നതും പ്രാധാന്യമർഹിക്കുന്നു. 

അതേ സമയം അവസരം മുതലാക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. കോൺഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനും തമ്മിലടിച്ച് അവസാനിക്കുമെന്നും കോൺഗ്രസ് സർക്കാരിൻറെ പതനം ഉടനുണ്ടാകുമെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ പ്രതികരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios