Asianet News MalayalamAsianet News Malayalam

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് സഹായധനവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് മമത

രാജേഷ് ഒറാങ്ക്, ബിപുല്‍ റോയ് എന്നിവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇരുവരുടെയും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നല്‍കും.

mamata banerjee announces rs 5 lakh and govt job to one family member of two martyred
Author
West Bengal, First Published Jun 17, 2020, 5:39 PM IST

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ബംഗാള്‍ സ്വദേശികളായ രണ്ട് സൈനികരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജേഷ് ഒറാങ്ക്, ബിപുല്‍ റോയ് എന്നിവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇരുവരുടെയും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നല്‍കുമെന്ന് മമത ബാനർജി അറിയിച്ചു.

രാജ്യത്തിനായി സൈനികർ ചെയ്ത ത്യാഗത്തിനും അവരുടെ കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ടത്തിനും മുന്നിൽ പകരംവെയ്ക്കാന്‍ മറ്റൊന്നിന്നും സാധിക്കില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ സൈനികരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു കേണൽ ഉൾപ്പടെയുള്ള ഇവരുടെ പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടിരുന്നു. തെലങ്കാന, പഞ്ചാബ്, ഒഡിഷ, തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർക്കാണ് ജീവൻ നഷ്ടമായത്. 

വീണ് പരിക്കേറ്റ നിലയിലും, വടിയുൾപ്പടെയുള്ള ആയുധങ്ങൾ കൊണ്ട് പരിക്കേറ്റ നിലയിലും, പൂജ്യത്തിനും താഴെ താപനിലയുള്ള ഇടത്തേയ്ക്ക് വീണ് തണുത്തുവിറച്ചുമാണ് ഇവരുടെ ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ടുകൾ. 20 പേരുടെയും മൃതദേഹങ്ങൾ ഇന്ന് രാത്രിയോടെ ജന്മനാടുകളിലെത്തും. പൂർണ ഔദ്യോഗിക ബഹുമതികളോടെ നാളെയായിരിക്കും സംസ്കാരം.

Also Read: ചൈനയ്ക്ക് മുന്നറിയിപ്പുമായി മോദി; പ്രകോപിപ്പിച്ചാൽ തക്ക മറുപടിയെന്ന് താക്കീത്

Follow Us:
Download App:
  • android
  • ios