രാഷ്ട്രപതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ബഹുമാനം അര്‍ഹിക്കുന്ന വനിതയാണ് അവര്‍. അഖില്‍ ഗിരി അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു.  പാര്‍ട്ടി അഖില്‍ ഗിരിക്ക് താക്കീത് നല്‍കിയിട്ടുണ്ട്.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രി അഖിൽ ഗിരിയുടെ പരാമ‍ർശങ്ങൾ അപലപിക്കുന്നു. പാർട്ടിക്ക് വേണ്ടി താൻ ക്ഷമചോദിക്കുന്നതായും രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും മമത ബാന‍ർജി പറഞ്ഞു. ദ്രൗപദി മുർമുവിനെതിരായ അഖിൽ ഗിരിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. തിങ്കളാഴ്ചയാണ് മമത ക്ഷമാപണം നടത്തിയത്.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ബിജെപിയേയും അധിക്ഷേപിക്കുന്ന അഖിൽ ഗിരിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താന്‍ സുന്ദരനല്ലെന്നാണ് ബിജെപി പറയുന്നത്. ആരെയും രൂപം നോക്കി വിലയിരുത്താറില്ല. ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസിനെ ബഹുമാനമുണ്ട്. എന്നാല്‍ എന്താണ് നമ്മുടെ രാഷ്ട്രപതിയുടെ രൂപം എന്നാണ് അഖില്‍ ഗിരി നന്ദിഗ്രാമില്‍ വെള്ളിയാഴ്ച പ്രസംഗിച്ചത്. അധിക്ഷേപ പരാമര്‍ശം വൈറലായതിന് പിന്നാലെ മന്ത്രിയെ പുറത്താക്കണമെന്നുള്ള ആവശ്യം ശക്തമായിരുന്നു.

മന്ത്രിക്ക് താക്കീത് നല്‍കിയതായി മമത വിശദമാക്കി. രാഷ്ട്രപതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ബഹുമാനം അര്‍ഹിക്കുന്ന വനിതയാണ് അവര്‍. അഖില്‍ ഗിരി അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. പാര്‍ട്ടി അഖില്‍ ഗിരിക്ക് താക്കീത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അഖിലിന്‍റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ല. ഈ വിഷയത്തില്‍ ഇനി പ്രതികരിക്കരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനീതിയാണ് അഖില്‍ ചെയ്തത് എന്നാണ് മമത ബാനര്‍ജി തിങ്കളാഴ്ച വിശദമാക്കിയത്. 

 രാംനഗറിലെ തൃണമൂൽ കോൺഗ്രസ് എം‌എൽ‌എയും, സംസ്ഥാന മന്ത്രിയുമായ അഖിൽ ഗിരി രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ രൂപത്തെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയത്. ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്രമിച്ചതിന് മറുപടി പറഞ്ഞതാണെന്നായിരുന്നു മന്ത്രിയുടെ വാദം.