കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ പരിഹസിച്ച് മമത ബാനർജിയുടെ മുദ്രാവാക്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൗരത്വ  നിയമ ഭേദഗതിയുടെ ചുരുക്കരൂപമായ സിഎഎ യെ 'കാ കാ ചീചി' എന്ന് പരിഹസിച്ചാണ് മമത  മുദ്രാവാക്യം മുഴക്കുന്നത്. ട്വിറ്ററില്‍ പലരും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. രസകരമായ കമന്റുകളോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പോരാടുക എന്ന് കൂട്ടിച്ചേർത്താണ് മമത മുദ്രാവാക്യം മുഴക്കുന്നത്. ഇതിനൊപ്പം തന്നെ ഷെയിം ബിജെപി എന്നും പറയുന്നുണ്ട്. 

"

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്  മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. രാജ്യതാല്‍പര്യം പരിഗണിക്കണമെന്നും മമത മോദിയോട് പറഞ്ഞു. ഇത് ജയ പരാജയങ്ങളുടെ കാര്യമല്ലെന്നും പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നതിനെക്കുറിച്ച് മോദി ഉറപ്പുവരുത്തണമെന്നും മമത അഭിപ്രായപ്പെട്ടു. കൂടാതെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും ചൂണ്ടിക്കാണിച്ച് മമത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. പൗരത്വ നിയമ ഭേദ​ഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വൻ പ്രതിഷേധമാണ് മമത ബാനർജി ഉയർത്തുന്നത്.