കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദ​ഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കവിതയെഴുതി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'ഞങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാൻ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്ന'തെന്ന് നരേന്ദ്രമോദി സര്‍ക്കാരിനോട് മമത കവിതയിലൂടെ ചോദിക്കുന്നു. മോദിസർക്കാരിന്റെ തീരുമാനത്തെ 'വിദ്വേഷത്തിനുളള ഉപകരണം' എന്നാണ് മമത വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ബംഗാളിയിലും ഇംഗ്ലീഷിലും കവിത മമത ബാനര്‍ജി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതയ്ക്ക്  'അധികാര്‍' എന്നാണ് പേര്. ഇംഗ്ലീഷില്‍ 'റൈറ്റ്' എന്നാണ് കവിതയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. 

'എന്റെ രാജ്യം അപരിചിതമായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല’ എന്നും കവിതയില്‍ പറയുന്നു. 'ഇന്ത്യ ഒരിക്കലും വിവേചനത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല' എന്നാണ് മമത കവിതയിൽ കുറിച്ചിരിക്കുന്നത്. 'നിങ്ങളെയും നിങ്ങളുടെ ബോധ്യങ്ങളെയും ഓർത്ത് ലജ്ജിക്കുന്നു' എന്നും മമത എഴുതിയിട്ടുണ്ട്. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ മുമ്പും മമത ബാനർജി തന്റെ തീവ്രപ്രതിഷേധം അറിയിച്ചിട്ടുണ്ട്. 

തനിക്ക് ജീവനുള്ളിടത്തോളം കാലം ബം​ഗാളിൽ പാരത്വ നിയമ ഭേദ​ഗതി നടപ്പിൽ‌ വരുത്താൻ സാധിക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. മമതയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ബം​ഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ പൗരത്വ ഭേദ​ഗതിയുടെ ചുരുക്കരൂപമായ 'സിഎഎ' യെ 'കാകാ ചീചീ' എന്ന് പരിഹസിച്ച് മമത മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മമത ബാനർജിയുടെ കവിതയ്ക്കും ഇതേ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. 

അവകാശം

രാജ്യം അപരിചിതമായി മാറിയിരിക്കുന്നു
ഇതെന്റെ ജൻമദേശമല്ല
ഞാൻ ജനിച്ച ഇന്ത്യ ഒരിക്കലും
വിവേചനത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല

എന്റെ അവകാശങ്ങളെ ചവിട്ടിമെതിക്കാൻ
നിങ്ങൾക്കാരാണ് അധികാരം നൽകിയത്?
നിങ്ങളെയും നിങ്ങളുടെ ബോധ്യങ്ങളെയും
ഓർത്തി ലജ്ജ തോന്നുന്നു

എന്റെ രാജ്യം, എന്റെ ജന്മ​ഗൃഹം
ഇവിടെ ജീവിക്കാൻ എനിക്ക് അവകാശം നൽകി
ആരൊക്കെ വിദ്വഷം പ്രചരിപ്പിക്കാൻ ശ്രമിച്ചാലും
പ്രിയപ്പെട്ട സുഹൃത്തേ
അവരെ നിങ്ങൾ കരയിക്കണം

വിഷമയമായ വിദ്വേഷമാണ് നിങ്ങൾ
ജനങ്ങളുടെ അവകാശങ്ങളെ നിങ്ങൾ തട്ടിപ്പറിക്കുന്നു
എന്റെ രാജ്യത്തെ എനിക്ക് നന്നായി അറിയാം
നമ്മുടെ ഐക്യം
കൃതജ്ഞതയോടെ നോക്കിക്കാണേണ്ട കാഴ്ചയാണത്.

അവകാശങ്ങളോട് അതെ എന്നും
വിദ്വേഷത്തോട് ഇല്ല എന്നും പറയണം
ഇതാണ് നമ്മുടെ കാഹളം മുഴക്കൽ
നമ്മളെല്ലാവരും പൗരൻമാരാണ്
അവകാശങ്ങൾ‌ എല്ലാവർക്കും വേണ്ടിയാണ

എന്‍ആര്‍സി, സിഎഎ വിദ്വേഷ ഉപകരണങ്ങള്‍
നമ്മള്‍ ഇനി ക്യൂ നില്‍ക്കില്ല
പാവപ്പെട്ടവർ വീണ്ടും ക്യൂ നില്‍ക്കണമെന്നോ?
ഇനിയും അവരെ വിഡ്ഢികളാക്കാനാവില്ല

വെറുക്കാനില്ല, ഇല്ല , ഇല്ല
ആളുകളെ വിഭജിക്കുന്നത് ഞങ്ങള്‍ എതിര്‍ക്കുന്നു
നമുക്ക് വേണ്ടത് ഐക്യമുള്ള ഇന്ത്യയാണ് 
വിഭജനങ്ങള്‍ പാഴായിപ്പോകും.

നമ്മള്‍ എല്ലാവരും പൗരന്മാരാണ്
നമ്മളെ ഭിന്നിപ്പിക്കുന്ന
സി എ എയും എന്‍ ആര്‍ സി യും 
ഞങ്ങള്‍ നിരാകരിക്കുന്നു.