ജനുവരി 23ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കിയതില്‍ മമതാ ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

കൊല്‍ക്കത്ത: ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി വിട്ടുനിന്നേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട ചെയ്തു. ഇന്ന് വൈകുന്നേരം നാലിനാണ് പൂര്‍ബ മിഡ്‌നാപുര്‍ ജില്ലയിലെ ഹാല്‍ഡിയയില്‍ നാല് പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. മമതാ ബാനര്‍ജി പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ജനുവരി 23ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീ റാം മുദ്രാവാക്യം മുഴക്കിയതില്‍ മമതാ ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോടും പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മമത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ പരിപാടിയില്‍ പങ്കെടുക്കും. 

 സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുത്ത യോഗത്തില്‍ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീ റാം വിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി വേദിയില്‍ സംസാരിച്ചില്ല. ഇത്തരം അപമാനം അംഗീകരിക്കാനാകില്ലെന്ന് മമത പറഞ്ഞിരുന്നു.