കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയെ എതിർക്കാൻ തങ്ങൾക്കൊപ്പം നിൽക്കണമെന്ന് സിപിഎമ്മിനോടും കോൺഗ്രസിനോടും മമത ബാനർജി. ബദ്ധശത്രുക്കളായ സിപിഎമ്മിനോട് ഇതാദ്യമായാണ് ഇത്തരമൊരു അഭ്യർത്ഥന മമത ബാനർജി മുന്നോട്ട് വയ്ക്കുന്നത്.

"ഈ നാട്ടിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്താൽ ഭട്‌പര പോലുള്ള സംഭവങ്ങൾ ആവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. എനിക്ക് തോന്നുന്നത് നമ്മളെല്ലാം - തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, സിപിഎം- ഒരുമിച്ച് നിന്ന് ബിജെപിയെ എതിർക്കണം എന്നാണ്. രാഷ്ട്രീയമായി ഒരുമിച്ച് നിൽക്കണമെന്ന അർത്ഥം അതിനില്ല. പക്ഷെ ദേശീയ തലത്തിൽ സമാനമായ അഭിപ്രായങ്ങളിൽ നമ്മൾ ഒരുമിച്ച് നിൽക്കണം," തൃണമൂൽ കോൺഗ്രസ് പരമാദ്ധ്യക്ഷ കൂടിയായ മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭയിലായിരുന്നു അവർ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.

സിപിഎമ്മിന്റെ 34 വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് 2011 ലാണ് മമത ബാനർജി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയത്. ഇതിന് ശേഷം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് അവർ വലിയൊരു മത്സരം നേരിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ പാർട്ടി 22 സീറ്റ് നേടിയപ്പോൾ 18 ഇടത്ത് ബിജെപി വിജയിച്ചു. ശേഷം സംസ്ഥാനത്ത് ആരംഭിച്ച സംഘർഷങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇനിയും സംഘർഷങ്ങൾ അഞ്ഞിട്ടില്ല.