ഭോപ്പാല്‍ : ഗോഡ്സെയ്ക്ക് ആശംസയുമായി കറന്‍സി നോട്ടില്‍ ഗാന്ധിജിക്ക് പകരം ഗോഡ്സെയുടെ ചിത്രം വച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്.  എബിവിപി അംഗമെന്ന നിലയില്‍ അറിയപ്പെടുന്ന ശിവകുമാര്‍ ശുക്ള എന്നയാള്‍ക്കെതിരെ കേസെടുക്കാനാവില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മധ്യപ്രദേശിലെ കോട്വാലി സിദ്ധി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജായ എസ് എം പട്ടേല്‍ ദി ഹിന്ദുവിനോട് പറഞ്ഞു. 

നാഥുറാം ഗോഡ്സെയുടെ ജന്മദിനമായ മെയ് 19നാണ് പത്ത് രൂപ നോട്ടില്‍ ഗാന്ധിജിക്ക് പകരം ഗോഡ്സെയുടെ ചിത്രവുമായി യുവാവ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ശിവകുമാര്‍ ശുക്ളയെ കണ്ടെത്താനായില്ലെന്നും എന്നാല്‍ അയാളുടെ മൊബൈല്‍ നമ്പര്‍ കയ്യിലുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷം കഴമ്പുള്ളതാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ശിവകുമാര്‍ ശുക്ലയെ കണ്ടെത്താനാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

രഘുപതി രാഘവ രാജാറാം, രാജ്യം രക്ഷിച്ചത് നാഥുറാം എന്നാണ് ഇയാള്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞത്. ഇയാളുടെ പേരില്‍ തന്നെയുള്ള മറ്റൊരു പ്രൊഫൈലില്‍ ബിജെപി എംപിയ്ക്കൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ മെയ് 20 ന് ഇയാളഅ‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് എന്‍എസ്യുഐ ആവശ്യപ്പെട്ടത്.

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മത, രാഷ്ട്രീയ, ജാതി വ്യത്യാസമില്ലാതെ രാജ്യം ഒന്നിച്ച് പോരാടുമ്പോള്‍ ചിലര്‍ കരുതിക്കൂട്ടി സമൂഹത്തില്‍ വെറുപ്പ് വിതയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍എസ്യുഐ ആരോപിച്ചു. നാഥുറാം ഗോഡ്സെയെ പുകഴ്ത്തിയുള്ള ഈ നടപടി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.