പൂനെ: പൂനെയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം. എന്നാല്‍ വിമാനം പറക്കാന്‍ തയ്യാറാകുന്നതിനിടെ ആ അപകടം പൈലറ്റിന്‍റെ ശ്രദ്ധയില്‍ പതിഞ്ഞു. റണ്‍വെയില്‍ ജീപ്പുമായി ഒരാള്‍...!  ജീപ്പില്‍ ഇടിക്കുന്നത് തടയാന്‍ ശ്രമിച്ചതോടെ വിമാനത്തിന്‍റെ ടെയില്‍ റണ്‍വെയില്‍ ഇടിച്ചു. അതേസമയം വലിയ അപകടമാണ് വിമാനത്താവളത്തില്‍ ഒഴിവായത്. വിമാനം അപകടം കൂടാതെ ദില്ലി എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയെന്ന് അധികൃതര്‍ വ്യകതമാക്കി. 

ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനം പറന്നുയരുന്ന സമയത്ത് എങ്ങനെയാണ് റണ്‍വെയില്‍ ജീപ്പ് എത്തിയതെന്നതില്‍ അന്വേഷണത്തിന് ഡിജിസിഎ (ഡിറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഉത്തരവിട്ടു. വ്യോമസേനയുടെ ജീപ്പാണ് റണ്‍വെയില്‍ ഉണ്ടായിരുന്നത്. അതിനാല്‍ അന്വേഷണത്തിന് അവശ്യമായ പ്രധാന രേഖകള്‍ സൂക്ഷിക്കാന്‍ ഡിജിസിഎ വ്യോമസേനയോട് ആവശ്യപ്പെട്ടു. 

180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മണിക്കൂറില്‍ 222.24 കിലോമീറ്റര്‍ വേഗതയിലായിരുന്നു വിമാനം. റണ്‍വെയില്‍ ജീപ്പ് കണ്ടതോടെ സധാരണയില്‍ നിന്നും കുറഞ്ഞ സ്പീഡിലേക്ക് നിജപ്പെടുത്തിയാണ് വിമാനം പറന്നുയര്‍ന്നത്. വിമാനം ദില്ലിയില്‍ എത്തിയതോടെ കേടുപാടുകള്‍ പരിശോധിക്കുകയും അന്വേഷണത്തിനായി വിമാനത്തിന്‍റെ മറ്റ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുകയും ചെയ്തു.