കൊല്‍ക്കത്ത: കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള മരുന്നെന്ന വ്യാജേന ചാണകവും ഗോമൂത്രവും വില്‍പ്പന നടത്തിയയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഡാംകുനിയിലാണ് മാബുദ് അലിയെന്ന ക്ഷീര കര്‍ഷകന്‍ കൊവിഡ് പ്രതിരോധ മരുന്നെന്ന പേരില്‍ ചാണകവും ഗോമൂത്രവും കച്ചവടമാക്കിയത്. മതവികാരം വ്രണപ്പെടുത്തിയതും വഞ്ചനാക്കുറ്റവും ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഗോമൂത്രത്തിന് ഒരു ലിറ്ററിന് 500 രൂപയും ചാണകത്തിന് ഒരു കിലോയ്ക്ക് 500 രൂപയുമാണ് മാബുദ് അലി വിറ്റത്. ദില്ലി-കൊല്‍ക്കത്ത റോഡിലാണ് ഇയാള്‍ ദേശീയ പാതക്കരികില്‍ ചാണകവും ഗോമൂത്രവും വില്‍പ്പനയ്ക്ക് വെച്ചത്. മാര്‍ച്ച് 14ന് നടന്ന ഹിന്ദുമഹാസഭയുടെ ഗോമൂത്ര പാര്‍ട്ടിയില്‍ നിന്നാണ് തനിക്ക് ഈ ഐഡിയ ലഭിച്ചതെന്നാണ് അലി പറയുന്നത്. 'ഗോമൂത്രം കുടിക്കൂ, കൊറോണയില്‍ നിന്ന് രക്ഷപ്പെടൂ' എന്നാണ് അലിയുടെ പരസ്യവാചകം. 

'എനിക്ക് രണ്ട് പശുക്കളാണുള്ളത്. ഒരെണ്ണം ഇന്ത്യന്‍ പശുവും മറ്റേത് ജഴ്സി പശുവും. പാല്‍ വിറ്റാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഗോമൂത്രസംഗമം ടിവിയില്‍ കണ്ടതിന് ശേഷം ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കാന്‍ സാധിക്കുമെന്ന് തിരിച്ചറിയുകയായിരുന്നു'- അലി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. ജഴ്സി പശുവിന്‍റെ ചാണകം ഇയാള്‍ 300 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇന്ത്യന്‍ പശുവിന്‍റെ അത്ര ശുദ്ധമായ ഇനമല്ല ജഴ്സി പശുവെന്നാണ് ഇയാള്‍ പറയുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക