ഭോപ്പാൽ: വിവാഹിതയായ സ്ത്രീയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ സില്ലോളി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീയെയും യുവാവിനെയും അന്യായമായി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരായ കേസ്.

സ്ത്രീയും ഇരുപത്തി എട്ടുകാരനായ യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡിസംബർ നാലിനാണ് ഇവരെ കാണാൻ യുവാവ് വീട്ടിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പ്രകോപിതരാകുകയും ഇരുവരെയും മർദ്ദിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവാവിനെ മരത്തിൽ കെട്ടിയിട്ടാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സ്ത്രീയെ മര്‍ദ്ദിക്കുകയും മുടി പിടിച്ച് വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത് അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ഈ സ്ത്രീയുടെ ഭര്‍ത്താവ് ജയ്പൂരിലാണ് ജോലി ചെയ്യുന്നത്.