58-കാരൻ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദാരുണ ദൃശ്യങ്ങളിൽ, ആളുകൾ സഹായിക്കാൻ ശ്രമിക്കുന്നതും എന്നാൽ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുന്നതും കാണാം. ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ പെയിന്റ് വാങ്ങാൻ കടയിലെത്തിയ 58-കാരൻ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ് മരിച്ചു. മാണ്ഡ്യ സ്വദേശിയായ ഇരണയ്യ എന്നയാളാണ് ഹലഗൂർ ടൗണിൽ വെച്ച് നടന്ന ഈ ദാരുണ സംഭവത്തിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയിലെ സി സി ടി വിയിൽ പതിഞ്ഞ ഏകദേശം 90 സെക്കൻഡോളം ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഇരണയ്യ കടയിലെത്തി സാധനങ്ങൾ നോക്കുകയും കടയുടമയുമായി സംസാരിച്ച് തുടങ്ങുകയുമായിരുന്നു.

വീഡിയോയുടെ ഏകദേശം 40-ാമത്തെ സെക്കൻഡിൽ ഇരണയ്യയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങുന്നുണ്ട്. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞു വീഴുകയും താടി കടയിലെ കൗണ്ടറിൽ ഇടിക്കുകയും ചെയ്തു. തിരിഞ്ഞുനൊക്കിയ കടയുടമയും പുറത്തുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് ഇദ്ദേഹത്തെ നിലത്ത് കിടത്തി. സിപിആര്‍ നൽകുന്നതിന് പകരം ഇരണയ്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ, ലോഹ വസ്തുക്കൾ ഇദ്ദേഹത്തിൻ്റെ കൈപ്പത്തിയിൽ ഉരസുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഉടൻ തന്നെ പുറത്തുണ്ടായിരുന്ന ആളുകളും സഹായത്തിനായി ഓടിയെത്തി. എന്നാൽ, ഇരണയ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെ തുടർന്ന് ഈ ദാരുണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Scroll to load tweet…