ഭോപ്പാല്‍: കൊവിഡ് 19 പിടിമുറുക്കുമ്പോള്‍ രാജ്യത്തിനിത് ആശങ്കയുടെയും അതിജീവനത്തിന്റെയും കാലം. ശാരീരിക അകലവും വ്യക്തി ശുചിത്വവും പാലിച്ച് കൊവിഡിനെ ചെറുക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് നീങ്ങി വീട്ടിലിരിക്കുമ്പോള്‍ നാടിനുവേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്, ദുരന്തമുഖത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍,  സുരക്ഷാ ഉദ്യോഗസ്ഥര്‍, പൊലീസ്, ഭരണസംവിധാനങ്ങള്‍...വ്യക്തിപരമായ വിഷമങ്ങള്‍ മറന്ന് മഹാമാരിയെ ചെറുക്കാനുള്ള പ്രയത്‌നത്തിലാണിവര്‍. അത്തരത്തിലൊരു വാര്‍ത്തയാണ് ഭോപ്പാലില്‍ നിന്നുള്ളത്. 

ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അഷ്‌റഫ് അലി. കൊവിഡ് വ്യാപനത്തിന്റെ ഈ സമയം ഏറെ സുപ്രധാനമായ ജോലിയാണ് അദ്ദേഹത്തിനുള്ളത്. തിരക്കിട്ട ജോലിക്കിടെയാണ് അദ്ദേഹത്തിന്റെ അമ്മ മരിച്ചെന്നുള്ള വിവരം അറിയുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകള്‍ ശുചീകരിക്കേണ്ടതിന്റെ ഗൗരവം ബോധ്യമുള്ളത് കൊണ്ട് അദ്ദേഹം തിരക്കിട്ട് വീട്ടിലേക്ക് പോയില്ല. വ്യക്തിപരമായ ദുഖം ഉള്ളിലൊതുക്കി ജോലി തുടര്‍ന്നു. രാവിലെ എട്ടുമണിക്കാണ് അമ്മ മരിച്ചെന്ന വാര്‍ത്ത അഷ്‌റഫിനെ തേടിയെത്തിയത്. കര്‍ത്തവ്യത്തില്‍ നിന്നും നാടിനോടുള്ള പ്രതിബന്ധതയില്‍ നിന്നും ഒഴിഞ്ഞുമാറാതിരുന്ന അഷ്‌റഫ് ഉച്ചയോടെ അമ്മയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങി വന്നു. വീണ്ടും ജോലി തുടര്‍ന്നു. 

ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാന് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ വലതുകയ്യുടെ തോളെല്ല് ഒടിഞ്ഞിരുന്നു. അസാധാരണമായ ഈ സാഹചര്യത്തില്‍ വിശ്രമിക്കണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശം മറികടന്ന് ഓഫീസിലെത്തുകയും ജോലി ചെയ്യുകയുമായിരുന്നു അദ്ദേഹം. മധ്യപ്രദേശ് ആരോഗ്യവകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിലെ ഡാറ്റാ മനേജരാണ് ഇര്‍ഫാന്‍ ഖാന്‍. 

അഷ്‌റഫ് അലിയുടെ നേതൃത്വത്തില്‍ ഈ കുറഞ്ഞ കാലയളവിനുള്ളില്‍ 5000-7000 വീടുകളാണ് അണുവിമുക്തമാക്കിയതെന്ന് ഭോപ്പാല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ വിജയ് ദത്ത പറയുന്നു. നാം വീട്ടിലിരിക്കുമ്പോള്‍ നമുക്ക് വേണ്ടി വീടുപേക്ഷിച്ച് പ്രവര്‍ത്തിക്കുകയാണ് അഷ്‌റഫ് അലിയെയും ഇര്‍ഫാന്‍ ഖാനെയും പോലെ ഒട്ടേറെ ആളുകള്‍.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക