ദില്ലി: കൊവിഡ് 19 ബാധിച്ച് ദില്ലിയിൽ എൺപതുകാരൻ മരിച്ച സംഭവത്തിൽ രോ​ഗം പകർന്നത് സുരക്ഷാ ഉദ്യോ​ഗസ്ഥനിൽ നിന്നാണെന്ന് ആരോപിച്ച് കുടുംബാ​ഗങ്ങൾ. കുടുംബത്തിലെ രണ്ട് പേർ കൂടി കൊവിഡ് ബാധിതരാണ്. രാജ്യ തലസ്ഥാനത്തെ ഏറ്റവും മുന്തിയ ഹൗസിം​ഗ് കോളനിയിലാണ് ഇവർ താമസിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായ നിസാമുദ്ദീൻ തബ്‍ലീ​ഗ് ജമാ അത്തെ മതസമ്മേളനത്തിൽ ഇവരുടെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ പങ്കെടുത്ത വിവരം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അയാളുടെ കൊവിഡ് 19 പരിശോധനാ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. 

​സുരക്ഷാ ഉദ്യോ​ഗസ്ഥൻ പതിവായി നിസാമുദ്ദീൻ മർകസിൽ പോകാറുണ്ടായിരുന്ന കാര്യം തങ്ങൾക്കറിയില്ലായിരുന്നു എന്ന് കുടുംബാം​ഗങ്ങൾ ഒന്നടങ്കം പറയുന്നു. വീട്ടുജോലികൾ ചെയ്യാൻ ഇയാൾ സഹായിച്ചിരുന്നു. ഏപ്രിൽ 3 മുതൽ ഇയാളെ കാണാതെ പോയതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ കേസ് നൽകിയിരുന്നു. പൊലീസ് ഇയാളെ കണ്ടെത്തുകയും കുടുംബാം​ഗങ്ങളുടെ പരാതിയിൻ മേൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.  

സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ ഭാര്യയ്ക്കും മകനും കൊവിഡ് 19 സ്ഥിരീകരിച്ചു. കുടുംബത്തിലെ മറ്റ് അം​ഗങ്ങളെ പരിശോധന നടത്തിയപ്പോൾ പരിശോധന ഫലം നെ​ഗറ്റീവ് ആണ്. കൊവിഡ് 19 ബാധയ്ക്കെതിരെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായും അതിനാൽ സുരക്ഷാ ഉദ്യോ​ഗസ്ഥനിൽ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഉറപ്പുള്ളതായും മരിച്ച വ്യക്തിയുടെ കുടുംബം അവകാശപ്പെട്ടു. വീട്ടുജോലിക്കാർ, സുരക്ഷാ ഉദ്യോ​ഗസ്ഥർ, ഡ്രൈവേഴ്സ് എന്നിവരുടെ കാര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കോളനി നിവാസികളോട് പൊലീസ് അറിയിച്ചു. ദില്ലിയിലെ ആകെ രോ​ഗികളിൽ ആയിരത്തിലധികം പേർ മർകസ് നിസാമുദ്ദീനിൽ പോയവരാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ദില്ലിയിൽ 1500 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.