പാമ്പിന്റെ കടിയേറ്റിട്ടും ഇയാൾ ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. പകരം വിവിധ ഔഷധ സസ്യങ്ങൾ ഉപയോ​ഗിച്ച് ചികിത്സിക്കുകയായിരുന്നു...

ലക്നൌ : ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ പാമ്പിനെ പിടിക്കുന്നതിൽ പ്രസിദ്ധനായ ആൾ പാമ്പുകടിയേറ്റ് മരിച്ചു. പാമ്പ് പിടുത്തത്തിൽ പ്രസിദ്ധനായ ദേവേന്ദ്ര മിശ്ര എന്നയാളാണ് തന്റെ അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയ ശേഷം ഇയാൾ ഇതിനെ കഴുത്തിൽ ചുറ്റി. തുടർന്ന് കഴുത്തിൽ ചുറ്റിയ പാമ്പുമായി മിശ്ര ഗ്രാമം ചുറ്റിനടന്നു. രണ്ട് മണിക്കൂറോളം പാമ്പിനെയും കഴുത്തിൽ ചുറ്റി നടന്ന് പ്രദർശനം നടത്തിയ ഇയാൾക്ക് ഒടുവിൽ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒന്നിൽ മിശ്ര വടി ഉപയോ​ഗിച്ച് പാമ്പിനെ പിടിക്കുന്നതാണ്. മറ്റൊന്നിൽ ഇയാൾ പിടികൂടിയ പാമ്പിനെ ഒരു ചെറിയ കുട്ടിയുടെ കഴുത്തിൽ ചുറ്റിയിരിക്കുന്നു. പാമ്പിന്റെ കടിയേറ്റിട്ടും മിശ്ര ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. ഇയാൾ പകരം വിവിധ ഔഷധ സസ്യങ്ങൾ ഉപയോ​ഗിച്ച് ചികിത്സിക്കുകയായിരുന്നുവെന്ന് ​ഗ്രാമീണർ പറഞ്ഞു. ഏതാനും മണിക്കൂറുകൾക്ക് ശേഷം മിശ്ര വീട്ടിൽ വച്ച് മരിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന് മയക്കുമരുന്ന് വേട്ടയ്ക്കിടെ ബാഗിൽ കണ്ടെത്തിയത് രാജ്യത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുവേട്ടയ്ക്കിടെ തായ്‍ലൻഡിൽ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്ന് പാമ്പുകളും കുരങ്ങുകളും അടക്കം എക്സോട്ടിക് അനിമൽസ് വിഭാഗത്തിൽപ്പെടുന്ന ചെറു ജീവികളേയാണ് പിടികൂടിയത്. 

20 വിഷരഹിത പാമ്പുകൾ, രണ്ട് ആമകൾ, ഒരു ചെറുകുരങ്ങ് അടക്കം 23 ചെറു ജീവികളെയാണ് കണ്ടെത്തിയത്. തായ് എയർലൈൻസിൽ വന്നിറങ്ങിയ മുഹമ്മദ് ഷക്കീൽ എന്ന തമിഴ്നാട് രാമനാഥപുരം സ്വദേശിയുടെ ബാഗിൽ നിന്നാണ് ഇവയെ പിടികൂടിയത്. തായ്‍ലൻഡിൽ ഇവയെ കൈവശം വയ്ക്കുന്നതും വ്യാപാരവും അനുവദനീയമാണെങ്കിലും ഇന്ത്യയിലിത് നിയമവിരുദ്ധമാണ്. അരുമയായി വളർത്താനും അന്ധവിശ്വാസികളുടെ ആഭിചാരക്രിയകൾക്കും ഇതിൽ പലതിനേയും ഉപയോഗിക്കാറുണ്ട്.

മുഹമ്മദ് ഷക്കീൽ എന്തിനാണ് ഇവയെ കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. അഞ്ച് ഇനം പെരുമ്പാമ്പ് കുഞ്ഞുങ്ങൾ, മധ്യ ആഫ്രിക്കയിൽ കണ്ടുവരുന്ന ചെറു കുരങ്ങ്, സീഷ്യൽസ് ദ്വീപിൽ കാണപ്പെടുന്ന ഒരിനം ആമ എന്നിവയെല്ലാം ഇയാളുടെ ബാഗിൽ ഉണ്ടായിരുന്നു. ഇവയെ തായ്‍ലൻഡിലേക്ക് തിരിച്ചയക്കാനും അതിനുള്ള ചെലവ് ഇദ്ദേഹത്തിൽ നിന്ന് ഈടാക്കാനും സെൻട്രൽ ഫോറസ്റ്റ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചു.

Read More : അണലിയെ വിഴുങ്ങാൻ ശ്രമിക്കുന്ന മൂര്‍ഖന്‍ ; വെെറലായി വീഡിയോ