ദില്ലി: കൊവിഡ് 19 വൈറസ് പടരുന്നത് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ ഏറെ ദുരിതത്തിലാണ്. ജോലി ഇല്ലാത്തായതോടെ എങ്ങനെയും സ്വന്തം നാട്ടില്‍ എത്താനായി പുറപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്‍റെ വാര്‍ത്തകള്‍ നിരവധി പുറത്ത് വന്നു കഴിഞ്ഞു.

വിശപ്പും ദാഹവും സഹിച്ച് വീടെന്ന ലക്ഷ്യത്തിലേക്ക് നടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാകുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. പ്രഥുമാന്‍ സിംഗ് നരൂക്ക എന്നയാളാണ് യുട്യൂബിലൂടെ ഈ വീഡിയോ പുറത്ത് എത്തിച്ചത്.

ജയ്പുരില്‍ നിന്ന് ദില്ലിയിലേക്ക് ദേശീയപാതയിലൂടെ പോകുമ്പോള്‍ ഷാഹ്പുരയിലാണ് പ്രഥുമാന്‍ ഞെട്ടുന്ന ആ കാഴ്ച കണ്ടത്. റോഡില്‍ വണ്ടിയിച്ച് ചത്ത ഒരു നായയെ ഒരാള്‍ ഭക്ഷിക്കുന്നതാണ് പ്രഥുമാന്‍ കണ്ടത്. ഉടന്‍ ഇയാളുടെ അടുത്തെത്തി ഭക്ഷണം വാങ്ങി നല്‍കിയെന്നും പ്രഥുമാന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പ്രഥുമാന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:

വിശന്നിട്ട് റോഡില്‍ ഒരു നായയെ ഭക്ഷിക്കുന്ന തൊഴിലാളിയെ കണ്ടപ്പോള്‍ തന്‍റെ മനുഷ്യത്വം ലജ്ജിച്ചു പോയി. ഈ കാഴ്ച കണ്ടിട്ടും അദ്ദേഹത്തെ സഹായിക്കാതെ വണ്ടിനിര്‍ത്താതെ ഒരുപാട് പേര്‍ പോയി. അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കിയെന്നും പ്രഥുമാന്‍ കുറിച്ചു. നേരത്തെ, തെലങ്കാനയില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒമ്പത് പേരെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം, ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്.