Asianet News MalayalamAsianet News Malayalam

ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിലായി; ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം 'മരിച്ചുപോയ' ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി

ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലിലായയാള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചെന്ന് കരുതിയ ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. 

man jailed for murdering wife found her after seven years with lover
Author
Odisha, First Published Mar 3, 2020, 5:00 PM IST

ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയതിന് തടവുശിക്ഷ അനുഭവിച്ചയാള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം കാമുകനൊപ്പം ഭാര്യയെ കണ്ടെത്തി. ഒഡീഷയിലെ ചൗലിയ സ്വദേശിയായ അഭയ സുത്തൂറാണ് ഭാര്യ ഇത്തിശ്രീ മൊഹാനയെ കൊലപ്പെടുത്തിയെന്ന വ്യാജക്കേസില്‍ ജയിലില്‍ കഴിഞ്ഞത്. 

2013 ഫെബ്രുവരി ഏഴിനാണ് അഭയ സുത്തൂര്‍ ഇത്തിശ്രീയെ വിവാഹം കഴിക്കുന്നത്. സാമഗോള സ്വദേശിയാണ് ഇത്തിശ്രീ. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞതോടെ ഇത്തിശ്രീയെ അഭയയുടെ വീട്ടില്‍ നിന്ന് കാണാതായി. ഭാര്യയെ കാണാതായത് മുതല്‍ അഭയ അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് 2013 ഏപ്രിലില്‍ ഭാര്യയെ കാണാനില്ലെന്ന് പാത്കുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ യുവതിയെ അഭയ കൊലപ്പെടുത്തിയതാണെന്നും സ്ത്രീധനത്തിന്‍റെ പേരില്‍ മര്‍ദ്ദിച്ചിരുന്നെന്നും ഇത്തിശ്രീയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയോ ഉപേക്ഷിച്ചതാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഒരുമാസത്തോളം അഭയ ജയിലില്‍ കഴിഞ്ഞു. എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അഭയയ്ക്ക് ജാമ്യം ലഭിച്ചു. ജയില്‍മോചിതനായ ശേഷവും ഭാര്യയെ അന്വേഷിച്ച് നടന്ന അഭയ ഒടുവില്‍ ഒഡീഷയിലെ പിപിലി എന്ന സ്ഥലത്തുവെച്ച് ഭാര്യയെ കണ്ടെത്തുകയായിരുന്നു. രാജീവ് ലോച്ചന്‍ എന്ന കാമുകനൊപ്പമായിരുന്നു ഇത്തിശ്രീ. ഉടന്‍ തന്നെ അഭയ ഈ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും പിടികൂടി. ഒടുവില്‍ 2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് അഭയ കുറ്റവിമുക്തനായി.

രാജീവുമായി പ്രണയത്തിലായിരുന്ന താന്‍ ഒളിച്ചോടി പോകുകയായിരുന്നെന്ന് യുവതി മൊഴി നല്‍കി. ഏഴുവര്‍ഷത്തോളം ഗുജറാത്തില്‍ താമസിച്ച ഇവര്‍ അടുത്തിടെ ഒഡീഷയിലെത്തുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നിരപരാധിത്വം തെളിയിക്കേണ്ടത് തന്‍റെ ആവശ്യമാണെന്നാണ് അഭയ പ്രതികരിച്ചത്. എന്നാല്‍ പൊലീസിന്‍റെ അനാസ്ഥയ്ക്കെതിരെയും കള്ളക്കേസില്‍ പ്രതിയാക്കി പീഡിപ്പിച്ചിതിനെതിരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര മൊഹന്ദി പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios