നവരാത്രിയുടെ അവസാന ദിവസം വീട്ടിലേക്ക് വേഗം പോകണമെന്ന് ജോലിക്കാർ ആവശ്യപ്പെട്ടതോടെയാണ് 45കാരൻ കുപിതനായത്
ലക്നൗ: കൃഷിയിടത്തിൽ പണിക്ക് വിളിച്ചത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ. നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ടതോടെ രണ്ട് കൗമാരക്കാരെ കൊലപ്പെടുത്തിയ ശേഷം കുടുംബവുമൊന്നിച്ച് വീടിന് തീയിട്ട് ജീവനൊടുക്കി കർഷകൻ. ഉത്തർ പ്രദേശിലെ ബഹൈറൈച്ചിലെ തേർപാഹ ഗ്രാമത്തിൽ ബുധനാഴ്ചയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. 45കാരനായ കർഷകൻ ഭാര്യയ്ക്കും 6ഉം 8ഉം വയസുള്ള പെൺമക്കളേയും ഭാര്യയേയും വീട്ടിനുള്ളിലേക്ക് കയറ്റിയ ശേഷം വീടിന് തീയിടുകയായിരുന്നു. വിജയ് മൗര്യയെന്ന കർഷകനാണ് ക്രൂരമായ രീതിയിൽ ജീവനൊടുക്കിയത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പ്രദേശവാസികൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വീടിന് തീപിടിച്ചെന്ന വിവരം ലഭിച്ചാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. തീ പിടിച്ച വീട്ടിൽ നിന്ന് സ്ത്രീയുടേയും മക്കളുടേയും നിലവിളി കേട്ടെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല. ജോലിക്ക് വന്ന കൗമാരക്കാരിലൊരാൾ തിരിച്ച് വന്നപ്പോളാണ് സംഭവങ്ങൾ കണ്ടത്. പൊലീസ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട 15കാരനിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
സാക്ഷിയായി വിറകെടുക്കാൻ പോയ ജോലിക്കാരൻ
പിന്നാലെ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചപ്പോഴാണ് വീടിന് മുൻവശത്ത് കൗമാരക്കാരായ രണ്ട് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ തോട്ടത്തിലെ ജോലികൾ തീർക്കാൻ വിജയ് മൗര്യ കൂലിക്ക് കൂട്ടിക്കൊണ്ട് വന്നതായിരുന്നു മൂന്ന് കൗമാരക്കാരെ. ഒരു മണിക്കൂർ ജോലി ചെയ്തതിന് പിന്നാലെ കൗമാരക്കാരിലൊരാളെ വിറക് കൊണ്ടുവരാൻ പറഞ്ഞ് അയച്ചു. ഇതിനിടെ നവരാത്രിയുടെ അവസാന ദിവസമായതിനാൽ നേരത്തെ വീട്ടിലേക്ക് പോകണമെന്ന് രണ്ട് കൗമാരക്കാർ ചോദിച്ചതോടെ 45കാരൻ പ്രകോപിതനാവുകയായിരുന്നു.
കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് 45കാരൻ കൗമാരക്കാരെ കൊലപ്പെടുത്തി. പിന്നാലെ ഇവരുടെ രണ്ട് പേരുടേയും മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ ഭാര്യയേയും മക്കളേയും വിളിച്ച് വീടിന് അകത്തേക്ക് കയറിയ വിജയ് മൗര്യ വീട്ടിലെ കന്നുകാലികളേയും വീടിനകത്തേക്ക് കയറ്റിക്കെട്ടിയ ശേഷം വീടിനകത്തിരുന്ന് ഡീസൽ ഉപയോഗിച്ച് വീടിന് തീയിടുകയായിരുന്നു. വീടിന് തീ പിടിച്ചതിന് പിന്നാലെ മുറ്റത്തുണ്ടായിരുന്ന ട്രാക്ടറും കത്തി നശിച്ചു. ആറ് മൃതദേഹങ്ങളാണ് സംഭവ സ്ഥലത്ത് വച്ച് കണ്ടെത്തിയിട്ടുള്ളത്.


