മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. മുബൈയിലെ ചിത്ര ബസാറിലുളള മഹേന്ദ്ര മാന്‍ഷ്യനിലാണ് സംഭവം. ബിസിനസുകാരനായ ആനന്ദ് മഹേജ (60) ആണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ഫ്ലാറ്റില്‍ ഭാര്യ കവിതയെ (55) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പലവിധ അസുഖങ്ങളാല്‍ കവിതയുടെ ആരോഗ്യനില അത്ര നല്ല അവസ്ഥയിലായിരുന്നില്ല. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകുമായിരുന്നു. എങ്കിലും അത്ര വലിയ പ്രശ്നങ്ങള്‍ ഒന്നും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് എല്‍ ടി മാര്‍ഗ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കണ്‍ട്രോള്‍ റൂമില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം ഒരു വിളി വന്നു. സ്ഥലത്ത് എത്തിയപ്പോള്‍ ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ അനക്കമില്ലാതെ കിടക്കുന്ന ആനന്ദിനെയാണ് കണ്ടത്. ഉടന്‍ സമീപത്തുള്ള ജി ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ച് കഴിഞ്ഞിരുന്നു.

വിവരമറിയിച്ചതോടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകള്‍ ദീപ ഫ്ലാറ്റിലേക്ക് എത്തി. വാതില്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കവിതയെയാണെന്നും അയല്‍വാസികള്‍ പറഞ്ഞു. ഏഴ് മുറിവുകളാണ് കവിതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ആനന്ദ് കവിതയെ കുത്തുന്നത് ആരും കണ്ടിട്ടില്ല.

എന്താണ് സംഭവിച്ചതെന്നുള്ള കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അയല്‍വാസികള്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് കവിതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ല. ആനന്ദിന്‍റെ വീട്ടിലെ സിസിടിവി വ്യാഴാഴ്ച പ്രവര്‍ത്തനരഹിതവുമായിരുന്നു.