ലിവ് ഇൻ പങ്കാളിയായ 20കാരിയെ കൊലപ്പെടുത്തിയ കേസിൽ 27കാരൻ അറസ്റ്റിൽ. ഇരുവരും ആറ് മാസമായി ഒന്നിച്ച് താമസിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരു: ലിവ് ഇൻ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 27 കാരനായ യുവാവ് അറസ്റ്റിലായി. ബെംഗളൂരുവിലെ ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്. 20കാരിയായ അനുഷയെ കൊലപ്പെടുത്തിയ കേസിൽ ശരത് (27) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറ് മാസമായി മല്ലേശ്വരത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. നഗരത്തിൽ വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ശരത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. അനുഷയ്ക്ക് വീട്ടുജോലികൾ ചെയ്യാൻ മടിയായിരുന്നുവെന്നാണ് ശരത്തിന്‍റെ മൊഴി. തുടർന്ന് ശരത് അനുഷയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ശരത് അഭിഭാഷകനോട് കുറ്റസമ്മതം നടത്തി. അഭിഭാഷകൻ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ ശേഷാദ്രിപുരം പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കണ്ടെത്താനായി ശരത്തിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
