ദേശീയ പാതയോരത്ത് കണ്ടെത്തിയ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാൻ സാധിക്കാതെ വന്നതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ പുറത്ത് വന്നത് വൻ തട്ടിപ്പ്
ജയ്പൂർ: കടക്കെണിയിൽ മുങ്ങിയതിന് പിന്നാലെ ഇൻഷുറൻസ് കമ്പനിയെ വഞ്ചിക്കാൻ സുകുമാരക്കുറുപ്പ് ലൈനിൽ കൊലപാതകം നടത്തിയ ട്രെക്ക് ഡ്രൈവർ അറസ്റ്റിൽ. തെരുവിൽ അലഞ്ഞിരുന്ന മധ്യവയസ്കനെയാണ് ട്രെക്ക് ഡ്രൈവറായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ ട്രെക്ക് കയറ്റി കൊലപ്പെടുത്തിയത്. ഡിസംബർ 1നാണ് ദേശീയ പാത 56ൽ സല്ലോപാത് മേഖലയിൽ പൊലീസ് ഒരാളുടെ മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡുകളിലെ വിലാസം അനുസരിച്ച് രാജസ്ഥാനിലെ അജ്മീറിലെ ഗുവാർഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്താണ് ഇയാളെന്ന് പൊലീസ് തിരിച്ചറിയുന്നത്.
എന്നാൽ നാഗേന്ദ്ര സിംഗിന്റെ ബന്ധുക്കൾക്ക് ഈ മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാഗേന്ദ്ര സിംഗ് റാവത്ത് വലിയ കടക്കെണിയിലാണെന്ന് പൊലീസ് മനസിലാക്കുന്നത്. ഇയാൾ വലിയ തുകയ്ക്ക് ഇൻഷുറൻസ് ചെയ്തിരുന്നതായും പൊലീസ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് നാഗേന്ദ്ര സിംഗ് റാവത്ത് സ്വന്തം മരണം ഇൻഷുറൻസ് തട്ടിയെടുക്കാനായി സൃഷ്ടിച്ചതാണെന്ന് പൊലീസിന് സംശയം ബലപ്പെട്ടത്. അടുത്തിടെ ചിത്തോർഗഡ് സ്വദേശിയായ ഒരു ഭിക്ഷാടകനുമായി ഇയാൾ ചങ്ങാത്തതിലായത് പൊലീസ് കണ്ടെത്തി. ഇയാളെ കണ്ടെത്താൻ സാധിച്ചതാണ് പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ നാഗേന്ദ്ര സിംഗ് റാവത്തിന് ഒത്താശ ചെയ്ത രണ്ട് പേർ പിടിയിലായെങ്കിലും പ്രധാന പ്രതി ഒളിവിൽ കഴിയുകയാണ്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കോട്ട സ്വദേശിയായ ഭിക്ഷാടകൻ തോഫാൻ ഭൈരവ എന്നയാളാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഭിക്ഷാടകനും സുഹൃത്തും ഒരുമിച്ചാണ് നാഗേന്ദ്ര സിംഗ് പദ്ധതി നടപ്പിലാക്കിയത്. ചിത്തോർഗഡ് സ്വദേശിയായ ഭേരുലാൽ എന്ന ഭിക്ഷാടകന് പണവും ഗുജറാത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഇയാൾ ഒപ്പം കൂട്ടിയത്. ഗുജറാത്തിലേക്കുള്ള യാത്രയിൽ ഇബ്രാഹിം എന്ന സഹായിയും നാഗേന്ദ്ര സിംഗ് റാവത്തിനൊപ്പമുണ്ടായിരുന്നു.
നവംബർ 30നാണ് ഇയാൾ പദ്ധതി നടപ്പിലാക്കിയത്. ഭേരുലാലിനൊപ്പം ഭിക്ഷയെടുത്തിരുന്ന തോഫാൻ ഭൈരവയെ ഭേരുലാൽ മദ്യം നൽകി അവശനിലയിലാക്കി ഇവർക്ക് അരികിൽ എത്തിച്ചു. സിമന്റ് ലോഡുമായി എത്തിയ ട്രെക്കിന്റെ ടയറിന് കീഴിൽ ഇയാളുടെ തല വച്ച ശേഷം ഇബ്രാഹിം ട്രെക്ക് ഇയാളുടെ തലയിലൂടെ ഓടിച്ച് കയറ്റി. ഇതിന് പിന്നാലെ പൂർണമായി തകർന്ന മുഖത്തോട് കൂടി കിടന്ന ഭിക്ഷാടകന്റെ വസ്ത്രം മാറ്റി നാഗേന്ദ്ര സിംഗ് റാവത്തിന്റെ തിരിച്ചറിയൽ കാർഡും പഴ്സും ഉൾപ്പെടെയുള്ളവ ഇയാളുടെ വസ്ത്രത്തിൽ വച്ച ശേഷം സംഭവം അപകടമാണെന്ന് തോന്നുന്ന രീതിയിൽ മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ച് മുങ്ങി. ഭേരുലാലിനെ ചോദ്യം ചെയ്തോടെയാണ് സംഭവത്തിലെ ഗൂഡാലോചന പൂർണമായി വ്യക്തമായത്.
