ചെന്നൈ: ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന 23കാരൻ ടെറസിൽ നിന്ന് വീണ് മരിച്ചു. ശ്രീപെരുംബുതൂറിലാണ് സംഭവം. ട്രിച്ചി സ്വദേശിയായ അരുൺ എന്നയാളാണ് മരിച്ചത്.

സുംഗുവർച്ചതിരം എന്ന സ്ഥലത്ത് മറ്റ് അഞ്ച് പേർക്കൊപ്പമാണ് ഇയാൾ വാടക വീട്ടിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് വീടിന്റെ ടെറസിലേക്ക് പോയ അരുണിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ചങ്ങാതിമാർ അന്വേഷിച്ചു.

ഈ തെരച്ചിലിലാണ് താഴെ നിലത്ത് ഇയാൾ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സിആർപിസി സെക്ഷൻ 174 പ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

പൊലീസിന്റെ പ്രാഥമിക തെരച്ചിലിൽ വീടിന്റെ ടെറസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു. അരുണിന്റെ തകർന്ന ഫോണും ഇവർക്ക് കിട്ടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.