ലൈസൻസുള്ള തോക്ക് എടുത്തായിരുന്നു 35കാരന്റെ അക്രമം. സ്റ്റേഷനിലെത്തിച്ച ഇയാളെ ജാമ്യം നൽകി വിട്ടയച്ചു

ഗുരുഗ്രാം: ഹൌസിംഗ് സൊസൈറ്റിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ മകനുമായി വഴക്കുണ്ടാക്കിയ 12 വയസുകാരന് നേരെ തോക്ക് ചൂണ്ടിയെത്തിയ 35കാരൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ അബ്കാരി വ്യവസായി ആണ് മകനുമായി വഴക്കുണ്ടാക്കിയ കൌമാരക്കാരനെതിരെ തോക്ക് ചൂണ്ടിയത്. ചൊവ്വാഴ്ച വൈകുന്നേരം ഡിഎൽഎഫ് ഫേസ് 3യിലെ ഹൌസിംഗ് സൊസൈറ്റിയിലാണ് സംഭവം. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതോടെയാണ് പൊലീസ് കേസ് എടുത്തത്. പ്രതീക് സച്ച്ദേവ എന്നയാളാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ലൈസൻസുള്ള തോക്ക് എടുത്തായിരുന്നു 35കാരന്റെ അക്രമം. സ്റ്റേഷനിലെത്തിച്ച ഇയാളെ ജാമ്യം നൽകി വിട്ടയച്ചു. 

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വൈകുന്നേരം 5.30ഓടെ ലഗൂൺ അപാർട്ട്മെന്റിന്റെ പാർക്കിൽ കുട്ടികൾ ഫുട്ബോൾ കളിക്കുകയായിരുന്നു. കളിക്കിടയിലെ തർക്കത്തേക്കുറിച്ച് പ്രതീകിന്റെ മകൻ വീട്ടിലെത്തി പരാതിപ്പെട്ടു. ഇതോടെ റിവോൾവറുമായി ഇയാൾ പാർക്കിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെ മകനോട് തർക്കിച്ച പന്ത്രണ്ടുകാരനെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രതീകിന്റെ ഭാര്യ എത്തി ഏറെ നിർബന്ധിച്ച ശേഷമാണ് ഇയാൾ തോക്കുമായി മടങ്ങാൻ തയ്യാറായത്. 

Scroll to load tweet…

എന്നാൽ സംഭവത്തിന് പിന്നാലെ ഭയന്നുപോയ പന്ത്രണ്ടുകാരനെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. പന്ത്രണ്ടുകാരന്റെ പിതാവ് സംഭവത്തിൽ പൊലീസിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം