കഴുത ഫാം എന്ന ആശയം തുടക്കത്തിൽ ആളുകൾക്ക് ബോധ്യപ്പെട്ടിരുന്നില്ല. പാൽ പാക്കറ്റുകളിൽ ലഭ്യമാകുമെന്നും 30 മില്ലി പാൽ പാക്കറ്റിന് 150 രൂപ വരെ വിലവരും
മംഗളുരു: ലക്ഷങ്ങൾ ശമ്പളമുള്ള ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങി കർണാടക സ്വദേശി. 42 ലക്ഷം രൂപ മുതൽ മുടക്കി 20 കഴുതകളുമായ മംഗളുരുവിലാണ് ശ്രീനിവാസ് ഗൗഡ കഴുത ഫാം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ കഴുത വളർത്തൽ, പരിശീലന കേന്ദ്രമാണ് ഈ ഫാം.
2020 വരെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലാണ് ഗൗഡ ജോലി ചെയ്തിരുന്നത്. കഴുതപ്പാൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുകയാണ് ഇയാളുടെ ലക്ഷ്യം. "നിലവിൽ ഞങ്ങൾക്ക് 20 കഴുതകളുണ്ട്, ഞാൻ ഏകദേശം 42 ലക്ഷം രൂപ മുതൽമുടക്കിയിട്ടുണ്ട്. കഴുത പാൽ വിൽക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഇതിന് ധാരാളം ഗുണങ്ങളുണ്ട്. കഴുതപ്പാൽ എല്ലാവർക്കും ലഭ്യമാകണം എന്നതാണ് ഞങ്ങളുടെ സ്വപ്നം. കഴുതപ്പാൽ ഒരു ഔഷധ ഫോർമുലയാണ്." - ശ്രീനിവാസ് ഗൗഡ പറഞ്ഞു.
കഴുതകളുടെ എണ്ണം ഗണ്യമായി കുറയുന്നതിനാലാണ് ഇത്തരമൊരു ആശയത്തെ കുറിച്ച് ആലോചിച്ചത്. കഴുത ഫാം എന്ന ആശയം തുടക്കത്തിൽ ആളുകൾക്ക് ബോധ്യപ്പെട്ടിരുന്നില്ല. പാൽ പാക്കറ്റുകളിൽ ലഭ്യമാകുമെന്നും 30 മില്ലി പാൽ പാക്കറ്റിന് 150 രൂപ വരെ വിലവരും. മാളുകൾ, കടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പാൽ പാക്കറ്റുകൾ ലഭ്യമാകുമെന്ന് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇതിനകം 17 ലക്ഷം രൂപയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഗൗഡ അവകാശപ്പെട്ടു.
