എലിയുടെ മേല്‍ ഇയാള്‍ നിരവധി തവണ ബൈക്ക് കയറ്റുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു മാസത്തോളം പഴക്കമുള്ളതാണ് നിലവില്‍ വ്യാപക പ്രചാരം നേടിയ വിഡിയോ
നോയിഡ: എലിയെ ബൈക്ക് കയറ്റിക്കൊല്ലുന്ന വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് മറ്റൊരു കേസില്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ കഴിഞ്ഞ ദിവസമാണ് 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് എലിയെ ബൈക്ക് കയറ്റിക്കൊല്ലുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സൈനുല്‍ അബ്ദീന്‍ എന്ന ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത് ഞായറാഴ്ചയായിരുന്നു.
നോയിഡയില്‍ ചെറുഭക്ഷണ ശാല നടത്തുന്നയാളാണ് യുവാവ്. എലിയുടെ മേല്‍ ഇയാള്‍ നിരവധി തവണ ബൈക്ക് കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചത്തെന്ന് ഉറപ്പായ ശേഷവും എലിയുടെ മേലെ നിരവധി തവണ ബൈക്ക് കയറ്റിയതിന് യുവാവിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ഇതിന് പിന്നാലെയാണ് സൈനുല്‍ അബ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം പഴക്കമുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
എന്നാല്‍ ഭക്ഷണശാലയില്‍ പണത്തേച്ചൊല്ലി കടയിലെത്തിയ ആളുകളുമായി വാക്ക് തര്‍ക്കമുണ്ടാക്കിയതിനും കയ്യേറ്റത്തിനുമാണ് ഇയാളുടെ അറസ്റ്റെന്നാണ് പൊലീസ് ഞായറാഴ്ച വൈകുന്നേരം വിശദമാക്കിയത്. പൊതുശല്യമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് വിശദമാക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് പേര്‍ സൈനുല്‍ അബ്ദീന്റെ വീട്ടിലെത്തി യുവാവിന്‍റെ സഹോദരനെ ആക്രമിച്ചിരുന്നു. ഇവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. അതേസമയം യുവാവിന്‍റെ അറസ്റ്റില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഗൌതം ബുദ്ധ നഗര്‍ പൊലീസ് കമ്മീഷ്ണര്‍ ലക്ഷ്മി സിംഗ് വിശദമാക്കിയത്.
