ദില്ലി: പൊലീസിന്‍റെ വാഹനത്തിന് മുകളില്‍  പുഷ് അപ് ചെയ്യുന്ന ടിക് ടോക് വീഡിയോ ചിത്രീകരിച്ച് യുവാവ്. ദില്ലിയിലാണ് ഷര്‍ട്ട് ധരിക്കാതെ യുവാവ് ഓടുന്ന പൊലീസ് വാഹനത്തിന് മുകളില്‍ കയറി പുഷ് അപ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍ മീഡ‍ിയയില്‍ വൈറലായിരുന്നു.  

ബുധനാഴ്ചയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മരുഭൂമി പോലെ തോന്നുന്ന വിജനമായ പ്രദേശത്ത് വച്ചാണ് കാറിന് മുകളില്‍ കയറി യുവാവ് ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഇത് പൊലീസിന്‍റെ ഔദ്യോഗിക വാഹനം അല്ലെന്നും സ്വകാര്യ കരാറുകാരന്‍റെ കയ്യില്‍ നിന്നും പ്രത്യേക അവസരങ്ങളില്‍ മാത്രമാണ് പൊലീസ് ഈ കാര്‍ ഉപയോഗിക്കാറുള്ളതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.  പുഷ് അപ് വീഡിയോ ചിത്രീകരിച്ച യുവാവ് കരാറുകാരന്‍റെ സുഹൃത്താണ്.

നിയമ ലംഘനത്തിന് കരാറുകാരന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഉടന്‍ നിയമ നടപടികള്‍ എടുക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളരെക്കാലം മുമ്പ് ചിത്രീകരിച്ച വീഡിയോ ആവാം ഇതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.