വ്യാഴാഴ്ച അശോക് അച്ഛനെയും സഹോദരനെയും കാണാന്‍ ഫ്ലാറ്റിലെത്തിയപ്പോള്‍ അവിടെ അജിത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഫ്ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു...
കൊല്‍ക്കത്ത: 52 കാരനായ മകന്‍ പിതാവിന്‍റെ ജീര്‍ണ്ണിച്ച മൃതദേഹത്തിനൊപ്പം കഴിഞ്ഞത് അഞ്ച് ദിവസത്തോളം. അജിത്ത് ഘോഷ് എന്നയാളാണ് 85കാരനായ രബീന്ദ്രനാഥിന്‍റെ മൃതദേഹത്തോടൊപ്പം അഞ്ച് ദിവസം കഴിഞ്ഞത്. കൊല്‍ക്കത്തയിലെ ബെഹാലയിലാണ് സംഭവം. രബീന്ദ്രനാഥ് മരിച്ചത് തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന അജിത്ത് ഘോഷിന്‍റെ സഹോദരന്‍ അശോക് ഘോഷോ അയല്‍വാസികളൊ അറിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച അശോക് ഘോഷ് അച്ഛനെയും സഹോദരനെയും കാണാന്‍ ഫ്ലാറ്റിലെത്തിയപ്പോള്‍ അവിടെ അജിത്ത് ഘോഷ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഫ്ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. അശോക് അവിടെ പിതാവിന്‍റെ ജീര്‍ണ്ണിച്ച മൃതദേഹം കാണുകയും ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ രബീന്ദ്രനാഥ് മരിച്ചിട്ട് അഞ്ച് ദിവസമായെന്ന് കണ്ടെത്തി. ട്യൂബര്‍കുലോസിസ് എന്ന രോഗം ബാധിച്ച ചികിത്സയിലായിരുന്നു ഇയാള്‍. ബുധനാഴ്ച കൂടി അജിത്ത് ഘോഷിനെ കണ്ടിരുന്നുവെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ഇയാളെ കാണാനില്ല. ഇതുവരെയും കണ്ടെത്തിയിട്ടുമില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
