ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ 100 ദിവസം താമസിച്ച ബിസിനസുകാരന്‍ വാടക മുഴുവന്‍ നല്‍കാതെ  മുങ്ങി. ഹൈദരാബാദിലെ താജ് ബന്‍ജാര എന്ന ഹോട്ടല്‍ അധികൃതരെയാണ് ബിസിനസുകാരന്‍ പറ്റിച്ചത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. വിശാഖപ്പട്ടണത്തെ ബിസിനസുകാരനായ എ ശങ്കര്‍ നാരായണ്‍ എന്നയാളാണ് കബളിപ്പിച്ച് മുങ്ങിയത്.  

ആഡംബര സ്യൂട്ടില്‍ 102 ദിവസമാണ് ഇയാള്‍ താമസിച്ചതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മൊത്തം ബില്‍ 25.96 ലക്ഷമായിരുന്നു. ഇതില്‍ 13.62 ലക്ഷം ഇയാള്‍ നല്‍കി. ബാക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഹോട്ടല്‍ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ബാക്കി തുക ഉടന്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും പാലിച്ചില്ല.

കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ ഹോട്ടലില്‍ നിന്നും കാണാതായി. തുടര്‍ന്ന് ഇയാളെ നിരന്തരം ഹോട്ടല്‍ അധികൃതര്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ബന്‍ജാര ഹില്‍സ് പൊലീസിനെ സമീപിക്കുകയായിരുന്നു.