മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവ് ശവസംസ്കാര ചടങ്ങുകൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, 

നാസിക്: മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവ് ശവസംസ്കാര ചടങ്ങുകൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്തതായി ബന്ധുക്കൾ. ത്രിംബകേശ്വർ താലൂക്കിൽ നിന്നുള്ള ഭാവു ലച്ച്കെ (19) ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയെന്ന് ബന്ധുക്കൾ പറഞ്ഞു.

ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് യുവാവ് ചലിക്കാൻ തുടങ്ങിയതും ചുമച്ചതും. ഉടൻ തന്നെ യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമായതിനാൽ വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ നൽകുന്നതെന്ന് ലച്ച്കെയുടെ ബന്ധുവായ ഗംഗാറാം ഷിൻഡെ പറഞ്ഞു. എന്നാൽ, ലച്ച്കെയെ ഒരിക്കലും മരിച്ചതായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചില മെഡിക്കൽ വാക്കുകളിൽ ബന്ധുക്കൾക്ക് ആശയക്കുഴപ്പം സംഭവിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.