കൊൽക്കത്ത: മന്ത്രവാദിയെന്നാരോപിച്ച് അമ്മയെ അടിച്ച് പുറത്താക്കി സ്വന്ത് തട്ടിയെടുക്കാൻ ശ്രമിച്ച മകനും ഭാര്യയും അറസ്റ്റിൽ. പശ്ചിമബംഗാളിലെ നോര്‍ത്ത് ഗോബിന്ദപൂരിലാണ് മകന്റെ കൊടും ക്രൂരത അരങ്ങേറിയത്. ഞായറാഴ്ച രാത്രി മകനും ഭാര്യയും ചേർന്ന് മാതാവിനെ ക്രൂരമായി മർദ്ദിച്ച് പുറത്താക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലോക്കല്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി നോക്കുകയാണ് അമ്മ. ഞായറാഴ്ച ജോലികഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ മരുമകളുടെ കുടുംബവും അവിടെയുണ്ടായിരുന്നു. തുടർന്ന് മകനും ഭാര്യ വീട്ടുകാരും ചേര്‍ന്ന് ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് അമ്മയെ വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കി. തുടർന്ന് അയല്‍വാസികളാണ് ഇവരെ സംരക്ഷിച്ചത്.

സ്വത്ത് മകന് കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് അവര്‍ തന്നെ ഉപദ്രവിച്ചതെന്നും ഇനി ഒരിക്കലും സ്വത്ത്  അവര്‍ക്ക് നല്‍കില്ലെന്നും അമ്മ പറഞ്ഞു. തന്നെ ദിവസങ്ങളോളം പട്ടിണിക്കിട്ടിരുന്നുവെന്നും അവർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മകന്റെ വിവാഹം കഴിഞ്ഞതിന് ശേഷമാണ്  സ്വത്തിന്റെ കാര്യം പറഞ്ഞ് 
തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് അമ്മ ആരോപിച്ചു. 

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ  മരപ്പണിക്കാരനായ മകനേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അമ്മയെ പുറത്താക്കിയില്ലെന്നും സ്വയം ഇറങ്ങി പോയതാണെന്നുമാണ് മകൻ ‌പറയുന്നത്.