ദില്ലി: ഐഎസിൽ ചേർന്നെന്ന് സംശയിക്കുന്ന മലയാളി യുവാവ് അഫ്‌ഗാൻ-അമേരിക്കൻ സഖ്യസൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു വർഷം മുൻപ് മലപ്പുറത്ത് നിന്നും കാണാതായ സൈഫുദ്ദീനാണ് കൊല്ലപ്പെട്ടതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ചക്കിടെ കേരളത്തിൽ നിന്നും ഐഎസിൽ ചേർന്ന രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്.

പഠനത്തിനിടെ സലഫിസത്തിൽ ആകൃഷ്‌ടനായതാണ് ഇയാളെ ഐഎസിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2014 ൽ സൗദി അറേബ്യയിലേക്ക് കുടിയേറിയ സൈഫുദ്ദീൻ ജിസാൻ എന്ന സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. 2018 സെപ്തംബറിൽ നാട്ടിലെത്തിയ ഇദ്ദേഹം ദുബൈയിലേക്കാണ് പോയതെന്നാണ് വിവരം. ഈ വർഷം ഏപ്രിലിൽ ബന്ധുവിനയച്ച അവസാന സന്ദേശത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സൈഫുദ്ദീനും കേരളത്തിൽ നിന്നും ഐഎസിൽ ചേർന്ന മറ്റുള്ളവരും തമ്മിൽ ബന്ധമുണ്ടോയെന്ന് തീവ്രവാദ വിരുദ്ധ സേനാ വിഭാഗങ്ങൾ അന്വേഷിക്കുകയാണ്.സൈഫുദ്ദീന്റെ കാണാതായ സുഹൃത്തിന് വേണ്ടി രഹസ്യാന്വേഷണ വിഭാഗങ്ങൾ തെരച്ചിൽ നടത്തുന്നുണ്ട്.