ഇംഫാല്‍: രാജ്യത്ത് ഗോവയ്ക്ക് പിന്നാലെ സമ്പൂര്‍ണ കൊവിഡ് മുക്തി നേടി മണിപ്പൂര്‍ സംസ്ഥാനം. കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗം ഭേദമായതോടെയാണിത്. ഇതോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനം ഭാഗികമായി ഇളവുവരുത്തി. ഗ്രാമീണമേഖലയില്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും തലസ്ഥാനമായ ഇംഫാലില്‍ അറിയിപ്പുണ്ടാകും വരെ നിയന്ത്രണങ്ങള്‍ തുടരും. നഗരപ്രദേശങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും എന്നും മുഖ്യമന്ത്രി എന്‍ ബിരന്‍ സിംഗ് അറിയിച്ചു. 

മണിപ്പൂരില്‍ 23 വയസുകാരിയായ വിദ്യാര്‍ഥിനിക്കും 63കാരനുമാണ് കൊവിഡ് 19 ബാധിച്ചത്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലായിരുന്നു രോഗ ബാധിതര്‍. ഇരുവരും ഇപ്പോള്‍ സെല്‍ഫ് ക്വാറന്‍റൈനിലാണ്. സംസ്ഥാനത്തെ കൊവിഡ് മുക്തമാക്കാന്‍ പ്രയത്നിച്ച ഡോക്ട‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവ‍ര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. 

അതേസമയം, ഗോവയില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരുന്നത്. കൊവിഡ് ബാധിച്ച ഏഴ് പേരും രോഗമുക്തി നേടി. ഇവരെ ഇപ്പോള്‍ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. 14 ദിവസം കൂടെ ഐസൊലേഷനില്‍ കഴിഞ്ഞശേഷം മാത്രമേ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാനാകൂ. 

Read more: കൊവിഡിനെ പൊരുതി തോല്‍പ്പിച്ച് ഗോവന്‍ വിജയഗാഥ; അവസാനയാള്‍ക്കും രോഗമുക്തി