Asianet News MalayalamAsianet News Malayalam

മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കൊവാക്സിൻ‌ ഉപയോ​ഗിക്കരുത്, ജനങ്ങൾ ​ഗിനിപ്പന്നികളല്ല; എതിർപ്പുമായി മനീഷ് തിവാരി

മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ വാക്സിൻ ഉപയോ​ഗിക്കരുതെന്ന് മനീഷ് തിവാരി പറഞ്ഞു. മരുന്ന് പരീക്ഷണം നടത്താൻ ജനങ്ങൾ ഗിനിപ്പന്നികളല്ലെന്നും മനീഷ് തിവാരി അഭിപ്രായപ്പെട്ടു.

manish tiwari against covaxin vaccination
Author
Delhi, First Published Jan 13, 2021, 4:25 PM IST

ദില്ലി: കൊവിഡ് പ്രതിരോധത്തിനുള്ള കൊവാക്സിൻ ഉപയോ​ഗത്തിനെതിരെ കോൺ​ഗ്രസ് വക്താവ് മനീഷ് തിവാരി രം​ഗത്ത്. മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ വാക്സിൻ ഉപയോ​ഗിക്കരുതെന്ന് മനീഷ് തിവാരി പറഞ്ഞു. മരുന്ന് പരീക്ഷണം നടത്താൻ ജനങ്ങൾ ഗിനിപ്പന്നികളല്ലെന്നും മനീഷ് തിവാരി അഭിപ്രായപ്പെട്ടു.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കില്‍ നിന്നും ഒരു ഡോസിന് 206 രൂപ എന്ന നിരക്കിലാകും കേന്ദ്രം കൊവാക്സിന്‍ വാങ്ങുക. ഓര്‍ഡര്‍ നല്‍കിയ അന്‍പത്തിയഞ്ച് ലക്ഷം ഡോസില്‍ പതിനാറര ലക്ഷം ഡോസ് ഭാരത് ബയോടെക്ക് സൗജന്യമായി നല്‍കും. സ്ഫുട്നിക്, കാഡില്ലയടക്കം പരീക്ഷണ ഘട്ടത്തിലിരിക്കുന്ന നാല് വാക്സിനുകള്‍ക്കും വൈകാതെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി കൊവിഷീൽഡ് വാക്സിനേഷനും ആദ്യഘട്ടത്തിൽ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.  

അതിനിടെ, ആദ്യഘട്ട കൊവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തി. ഗോ എയർ വിമാനത്തിൽ കൊച്ചിയിലേക്കാണ് ആദ്യഘട്ട  വാക്സിൻ  എത്തിയത്.ഇത് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആദ്യബാച്ചിൽ 25 ബോക്സുകളാകും ഉണ്ടാകുക. വൊകീട്ട് തിരുവനന്തപുരത്തും വാക്സിൻ വിമാനമാർ​ഗം എത്തും.  4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. 

എറണാകുളം ജില്ലയില്‍ 12 , തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു ദിവസം 100 വീതം പേര്‍ക്ക് വാക്സീൻ നൽകും. വാക്സിന്‍റെ ലഭ്യത അനുസരിച്ച് ഓരോ ജില്ലകളിലും നൂറിലധികം കേന്ദ്രങ്ങൾ വരും ദിവസങ്ങളില്‍ സജ്ജമാക്കും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടം വാക്സിൻ നൽകുക.

Follow Us:
Download App:
  • android
  • ios