Asianet News MalayalamAsianet News Malayalam

മഞ്ജുവും സംഘവും സുരക്ഷിതരായി മണാലിയിലേക്ക്, രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തും

സംഘത്തിന്‍റെ ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സുരക്ഷിതരാണ് മഞ്ജുവും സംഘവും. സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ 'കയറ്റം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് മഞ്ജുവും സംഘവും ഹിമാചലിൽ കുടുങ്ങിയത്. 

manju warrior and team who were stuck in chhatru will be reaching shimla and then to kerala
Author
Shimla, First Published Aug 21, 2019, 4:46 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരായി മണാലിയിലേക്ക്. രണ്ട് ദിവസത്തെ ഷൂട്ടിംഗ് ഷിംലയിൽ ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയ ശേഷം ഷിംലയിൽ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങുമെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംഘത്തിന്‍റെ ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സുരക്ഷിതരാണ് മഞ്ജുവും സംഘവും. സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ 'കയറ്റം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് മഞ്ജുവും സംഘവും ഹിമാചലിൽ കുടുങ്ങിയത്. 

manju warrior and team who were stuck in chhatru will be reaching shimla and then to kerala

manju warrior and team who were stuck in chhatru will be reaching shimla and then to kerala

മുപ്പത് പേരാണ് ക്രൂവിലുണ്ടായിരുന്നത്. ചിത്രീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയായി ഇവർ ഹിമാചൽ പ്രദേശിലുണ്ടായിരുന്നു. നാല് ദിവസം മുൻപാണ് ഹിമാചലിലെ ഛത്രു എന്ന ഗ്രാമത്തിലേക്ക് സംഘം യാത്ര തിരിച്ചത്. ഷിംലയിൽ നിന്ന് 330 കിലോമീറ്റർ ദൂരത്താണ് ഛത്രു എന്ന ഗ്രാമം. 

Read More: 'സംസാരിച്ചത് 15 സെക്കന്‍റ് മാത്രം, എങ്ങനെയെങ്കിലും രക്ഷിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു'

ഇവരെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് പ്രദേശത്ത് മഴ ശക്തിപ്പെട്ടു. തുടർന്ന് ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഛത്രുവിലേക്കുള്ള വഴി തടസ്സപ്പെട്ടു. ഇവിടേക്കുള്ള ആശയവിനിമയോപാധികളെല്ലാം തകരാറിലായി. ഒടുവിൽ ഒരു സാറ്റലൈറ്റ് ഫോണിലൂടെയാണ് മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ വിളിക്കുന്നത്. അടിയന്തരമായി എന്തെങ്കിലും സഹായമെത്തിക്കാനാകുമോ എന്നറിയാനായിരുന്നു ഫോൺ കോൾ. സാധാരണ ഫോണുൾപ്പടെയുള്ള എല്ലാ വിനിമയസംവിധാനങ്ങളും തടസ്സപ്പെട്ട നിലയിലായിരുന്നു. 

സർക്കാരിനെ അറിയിച്ച് എന്തെങ്കിലും സഹായമെത്തിക്കാനാകുമോ എന്ന് മഞ്ജു വാര്യർ ചോദിച്ചെന്ന് സഹോദരൻ മധു വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭക്ഷണസാധനങ്ങളുണ്ടായിരുന്നില്ല. എല്ലാം തീരാറായ അവസ്ഥയിലായിരുന്നു. സിനിമാസംഘത്തിലെ 30 പേർക്ക് പുറമേ, ഇരുന്നൂറോളം വിനോദസഞ്ചാരികളും സ്ഥലത്തുണ്ടായിരുന്നു. മാത്രമല്ല, എന്തെങ്കിലും ആവശ്യത്തിനായി തിരികെ വിളിക്കാനും കഴിയുമായിരുന്നില്ല. സാറ്റലൈറ്റ് ഫോണിലേക്ക് തിരികെ കോളുകളും പോകുന്നുണ്ടായിരുന്നില്ല. നാട്ടിലെ പ്രളയം പോലും മഞ്ജു അറിഞ്ഞിരുന്നില്ലെന്നും മധു വാര്യർ പറഞ്ഞു.

ഇതേത്തുടർന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ പ്രശ്നത്തിലിടപെട്ടു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‍റാം ഠാക്കൂറിനെ വിളിച്ചു. എൻഡിആർഎഫും സൈന്യവും ചേർന്നുള്ള സംഘമെത്തി, ഛത്രുവിൽ നിന്ന് പുറത്തേയ്ക്കുള്ള റോഡുകളിലെ തടസ്സം നീക്കി. ഏതാണ്ട് 22 കിലോമീറ്റർ യാത്ര ചെയ്ത് അവിടെയെത്താവുന്ന കൊക്സാർ എന്ന സ്ഥലത്തെ ബേസ് ക്യാംപിലേക്ക് സംഘത്തെ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഛത്രുവിലേക്കുള്ള ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചതിനാൽ കൊക്സാറിലേക്കില്ലെന്നും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം തിരികെ മണാലിക്ക് മടങ്ങാമെന്നുമായിരുന്നു സിനിമാ സംഘം തീരുമാനിച്ചത്. 

വിവരം ലഭിച്ച് 24 മണിക്കൂറിനകം തന്നെ സിനിമാ സംഘത്തെ ഉൾപ്പടെ രക്ഷപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. ഇനി ആരും അവിടെ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് തനിക്ക് ലഭിക്കുന്ന വിവരമെന്നും വി മുരളീധരൻ. ''നടക്കുകയോ, നടക്കാൻ കഴിയാത്തവർക്കായി സ്ട്രെച്ചറോ നൽകാൻ തയ്യാറാണ്. 20 കിലോമീറ്റർ നടക്കേണ്ടി വരും. ദുർഘടം പിടിച്ച പാതയായതിനാൽ വാഹനഗതാഗതം സാധ്യമാകില്ല. സബ് കളക്ടർ നേരിട്ട് അവിടെയെത്തി. ജില്ലാ കളക്ടർ ആവശ്യമായിട്ടുള്ള ഭക്ഷണവും, സ്ട്രെച്ചറും രക്ഷാസംഘത്തിനൊപ്പം അയച്ചിട്ടുണ്ട്. പരിപൂർണമായും വാർത്താ വിനിമയസംവിധാനങ്ങളില്ലാത്ത സ്ഥലത്താണ് അവരുള്ളത്. അവർ തിരികെ ബേസ് ക്യാംപിലെത്തിയാലേ അവരോട് സംസാരിക്കാനാകൂ'', വി മുരളീധരൻ അറിയിച്ചു. 

പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുളു - മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറിയാണ് ഛത്രു താഴ്‍വര. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. കഴിഞ്ഞ ദിവസം മുതല്‍ ഹിമാചല്‍ പ്രദേശില്‍ കനത്തമഴ പെയ്യുകയാണ്. മഴയെത്തുടര്‍ന്ന് ഹിമാചലിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പലയിടത്തും വെള്ളം കയറി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഏതാണ്ട് 47 പേര്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം മരിച്ചു. യമുനാ നദി പരമാവധി പരിധിയായ 205.3 മീറ്റര്‍ മറികടന്ന് 205.94 മീറ്ററാണ് ജലനിരപ്പിലാണ് ഒഴുകുന്നത്. യമുനയില്‍ ഇനിയും വെള്ളമുയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

Read More: മഞ്ജുവാര്യരെയും സംഘത്തെയും കുടുക്കിയ ഹിമാചലിലെ വെള്ളപ്പൊക്കം; ചിത്രങ്ങള്‍ കാണാം

Follow Us:
Download App:
  • android
  • ios