ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിന്‍റെ പ്രക്ഷേപണം പുനരാരംഭിച്ചു. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാത്തില്‍ ഏറെ വിശയങ്ങള്‍ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി തന്‍റെ സന്ദേശം നല്‍കിയത്. തന്‍റെ തെരഞ്ഞെടുപ്പ് വിജയത്തെ സൂചിപ്പിച്ച മോദി, ഫെബ്രുവരിയിൽ താൻ പറഞ്ഞു നമ്മൾ വീണ്ടും കാണുമെന്ന്. അമിതവിശ്വാസം കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ചിലർ കുറ്റപ്പെടുത്തി. എന്നാൽ എനിക്ക് ജനങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. 

മൻ കി ബാത്തിന് നിരവധി കത്തുകളും ഇമെയിലുകളും ലഭിക്കുന്നുണ്ട്. 130 കോടി ജനങ്ങളുടെ കരുത്താണ് മൻ കി ബാത്ത്. ഈ ഞായറാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. രാജ്യം നേരിടുന്ന ജല പ്രതിസന്ധിയെ സൂചിപ്പിച്ച പ്രധാനമന്ത്രി ക്രിയാത്മകവും, സംയോജിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധി മറികടക്കണം എന്ന് സൂചിപ്പിച്ചു. ഇതിനായി മൂന്ന് അഭ്യര്‍ത്ഥനകള്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

ജലദൗര്‍ലഭ്യം സംബന്ധിച്ച ബോധവത്കരണം നടത്തണം, ജല സംരക്ഷണം സംബന്ധിച്ച രീതികളും അറിവുകളും പങ്കുവയ്ക്കണം. ഒപ്പം ജല സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടനകളും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കണം. എന്നിവയാണ് പ്രധാനമന്ത്രിയുടെ ആവശ്യം. രാജ്യത്ത് പെയ്യുന്ന മഴയുടെ 8 ശതമാനം മാത്രമാണ് സംഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ ഒരു തെരഞ്ഞെടുപ്പ് രാജ്യം പൂര്‍ത്തിയാക്കി. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം അളക്കാന്‍ സാധിക്കാത്തതാണ്. ഒരിക്കല്‍ കൂടി ജനത്തിന് ജനധിപത്യത്തിലുള്ള വിശ്വാസം ഇത് ഉറപ്പിച്ചു മോദി പറഞ്ഞു.  അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍ത്തെടുത്ത മോദി അന്ന് പ്രക്ഷോഭവും രോഷവും ഒരു രാഷ്ട്രീയ വൃത്തത്തിലോ, നേതാക്കളിലോ, ജയില്‍ മതിലിന് ഉള്ളിലോ ഒതുങ്ങി നിന്നില്ലെന്ന് ഓര്‍മ്മിപ്പിച്ചു. അന്ന് 'എന്തോ കവര്‍ന്നെടുക്കപ്പെട്ടു' എന്ന കാര്യം ജനം തിരിച്ചറിഞ്ഞു. 

ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്, ദൂരദര്‍ശന്‍ വഴിയും നരേന്ദ്രമോദി ആപ്പ് വഴിയും പ്രക്ഷേപണം ചെയ്തു.  പ്രദേശിക ഭാഷകളിലും മാന്‍ കി ബാത് മൊഴിമാറ്റി പ്രക്ഷേപണം ചെയ്യും