ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കെതിരെ 'ചത്ത എലി' പരാമര്‍ശം നടത്തിയ ബിജെപി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റ് പദവിയിലേക്ക് സോണിയ ഗാന്ധി തിരിച്ചെത്തിയതിനെക്കുറിച്ചു പ്രതികരിക്കവേയാണ് ഖട്ടര്‍ വിവാദ പരാമര്‍ശം നടത്തിയത്. 

'കോണ്‍ഗ്രസില്‍ ബന്ധുക്കള്‍ മാത്രം നേതൃസ്ഥാനത്തേക്ക് വരുന്നത് ഇല്ലാതാകുന്നുവെന്ന് കേട്ടപ്പോള്‍ നല്ലകാര്യമായി തോന്നി. എന്നാല്‍ പ്രസിഡന്‍റിന് വേണ്ടി മൂന്നുമാസമാണ് രാജ്യത്തുടനീളം ഇവര്‍ അന്വേഷണം നടത്തിയത്. പക്ഷേ ഈ മൂന്നു മാസത്തെ തെരച്ചിലിന് ശേഷം  പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത് സോണിയ ഗാന്ധിയാണ്. ചത്തുകഴിഞ്ഞ എലിയാണവര്‍ എന്നായിരുന്നു ഖട്ടറിന്‍റെ പരാമര്‍ശം. 

ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ദില്ലിയിലെ ബിജെപി ഓഫീസിന് മുന്നില്‍ ഇന്ന് മഹിളാകോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഷര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു. സോണിയഗാന്ധിക്കെതിരെ നടത്തിയ ലജ്ജാകരമായ പരാമര്‍ശത്തില്‍ ഖട്ടര്‍ മാപ്പുപറയണമെന്നും ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് പരാമര്‍ശത്തിലൂടെ വെളിവായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.