ഗോവയ്ക്കും രാജ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കപ്പെട്ട പിതാവിന്റെ പാരമ്പര്യം നിലനിര്‍ത്തുമെന്നാണ് പരീക്കറിന്റെ മക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മക്കള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് സൂചന. ഗോവയ്ക്കും രാജ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കപ്പെട്ട പിതാവിന്റെ, പാരമ്പര്യം നിലനിര്‍ത്തുമെന്നാണ്് പരീക്കറിന്റെ മക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
മാര്‍ച്ച് 17നാണ് മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. പരീക്കറിന്റെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന പനാജിയിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ അദ്ദേഹത്തിന്റെ മക്കള്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്. ഉത്പല്‍, അഭിജാത് എന്നീ രണ്ട് ആണ്‍മക്കളാണ് പരീക്കറിനുള്ളത്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബെഞ്ചമിന്‍ ഡിസ്രായേലിയുടെ വാക്കുകള്‍ കടമെടുത്ത് പരീക്കറിന്റെ മക്കള്‍ പറഞ്ഞിരിക്കുന്നത് 'വീരന്മാരുടെ സ്മരണ നിലനില്‍ക്കുന്നത് ആ മഹത്തായ പേരിലും മഹത്തരമായ ഉദാഹരണങ്ങളുടെ പിന്തുടര്‍ച്ചയിലുമാണ്' എന്നാണ്. 'രാജ്യത്തിന് വേണ്ടി അച്ഛന്‍ ചെയ്ത സേവനവും സമര്‍പ്പണവും തുടരുന്നതിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ ഞങ്ങള്‍ ആദരിക്കും' എന്നും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് ഇരുവരും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന അഭ്യൂഹം ശക്തമാക്കിയത്.
