Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ ബിജെപി തോറ്റാല്‍ ഉത്തരവാദി താനെന്ന് മനോജ് തിവാരി; തെരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷനെത്തും

ആം ആദ്മിക്ക് ദില്ലിയില്‍ ഭരണ തുടര്‍ച്ച പ്രഖ്യാപിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു മുഴം മുന്‍പേ ഉത്തരവാദിത്തം താനേറ്റെടുക്കുമെന്ന് മനോജ് തിവാരി വ്യക്തമാക്കുന്നത്.

Manoj Tiwari  response on delhi election 2020
Author
Delhi, First Published Feb 10, 2020, 11:41 AM IST

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെത്തുമെന്നും മനോജ് തിവാരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് ബിജെപി വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാട്ടുമെന്ന ആംആദ്മി ആരോപണം അസംബന്ധമാണെന്നും മനോജ് തിവാരി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആം ആദ്മിക്ക് ദില്ലിയില്‍ ഭരണ തുടര്‍ച്ച പ്രഖ്യാപിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു മുഴം മുന്‍പേ തോല്‍വിയുടെ ഉത്തരവാദിത്തം താനേറ്റെടുക്കുമെന്ന് വ്യക്തമാക്കി മനോജ് തിവാരി രംഗത്തെത്തിയിരിക്കുന്നത്. തിരിച്ചടിയുണ്ടായാല്‍ ദില്ലി അധ്യക്ഷന്‍റെ കസേര ആദ്യം തെറിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കാലാവധി പൂര്‍ത്തിയായതിനാല്‍ കസേരയില്‍ തുടരാന്‍ താനുണ്ടാവില്ലെന്നാണ് മനോജ് തിവാരിയുടെ വിശദീകരണം.

എന്‍റെ മൂന്ന് വര്‍ഷ കാലാവധി നവംബര്‍ 30ന് തീര്‍ന്നതാണ്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തുടരുകയായിരുന്നു. എന്തായാലും പുതിയ അധ്യക്ഷനെത്തുമെന്ന് മനോജ് തിവാരി പറഞ്ഞു. പരാജയ ഭീതിയില്‍ വോട്ടിംഗ് മെഷീനുകളില്‍ ബിജെപി കൃത്രിമത്വം കാട്ടുമെന്ന വിലയിരുത്തലില്‍ സ്ട്രോംഗ് റൂമുകള്‍ക്ക് കാവല്‍ നില്‍ക്കാനുള്ള ആംആദ്മി തീരുമാനത്തെ മനോജ് തിവാരി പരിഹസിച്ചു. കൃത്രിമത്വം കാട്ടിയെന്ന വാദം ശുദ്ധ അസംബന്ധമാണ്. അവര്‍ക്ക് തോല്‍ക്കുമെന്ന പേടിയുണ്ടെങ്കില്‍ വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മനോജ് തിവാരി പറഞ്ഞു.

തെരഞ്ഞെടുപ്പ് ശതമാന കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ ബിജെപി ദേശീയ നേതൃത്വം നടത്തിയ വിലയിരുത്തലുകള്‍ ആശ്വാസം നല്‍കുന്നതല്ലെന്നാണ് സൂചന. നില മെച്ചപ്പെടുമെന്ന ദില്ലി ഘടകത്തിന്‍റെ മറുപടി നേതൃത്വത്തെ തൃപ്തിപ്പെടുത്തിയിട്ടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ദേശീയ തലസ്ഥാനത്ത് തിരിച്ചടി ആവര്‍ത്തിച്ചാല്‍ ക്ഷീണം ചെറുതാകില്ല.

Follow Us:
Download App:
  • android
  • ios