Asianet News MalayalamAsianet News Malayalam

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: മാർഗരറ്റ് ആൽവ പ്രതിപക്ഷ സ്ഥാനാർത്ഥി

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ശരദ് പവാർ, തൃണമൂലിന്റെ ഉൾപ്പെടെ 19 പാർട്ടികളുടെ പിന്തുണയുണ്ടെന്ന് പവാർ; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 6ന്

Margaret Alva is Oppositions candidate for Vice Presidential Poll
Author
Delhi, First Published Jul 17, 2022, 4:59 PM IST

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. കർണാടക സ്വദേശിയാണ് മാർഗരറ്റ് ആൽവ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 


17 പാർട്ടികളാണ് പവാറിന്റെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. അതേസമയം, തൃണമൂലിന്റെ പ്രതിനിധികളാരും എത്തിയിരുന്നില്ല. എന്നാൽ തൃണമൂൽ ഉൾപ്പെടെ 19 പാർട്ടികളുടെ പിന്തുണ മാർഗരറ്റ് ആൽവയ്ക്ക് ഉണ്ടാകുമെന്ന് ശരദ് പവാർ പറഞ്ഞു. നേരത്തെ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കൊപ്പം നിലയുറപ്പിക്കുകയും പിന്നീട് ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത പാർട്ടികളും ശരദ് പവാർ വിളിച്ച യോഗത്തിൽ എത്തിയിരുന്നു. 

ചിത്രം തെളിഞ്ഞു; ധൻകർ VS മാർഗരറ്റ് ആൽവ

പശ്ചിമ ബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ (Jagdeep Dhankhar) നേരത്തെ എൻഡിഎഉപരാഷ്ട്രപതി  (Vice president election) സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ധനകറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാട്ട് സമുദായംഗമായ ധൻകറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക വഴി ആദിവാസി വിഭാഗത്തിൽ നിന്നൊരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും, ഒബിസി വിഭാഗത്തിൽ നിന്നും ഒരു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും എന്ന രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തിയത്. കര്‍ഷകപുത്രൻ എന്ന വിശേഷണത്തോടെയാണ് ധൻകറിന്റെ സ്ഥാനാര്‍ത്ഥിത്വം ജെ.പി.നഡ്ഡ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവര്‍ണറായിട്ടാണ് അദ്ദേഹം ബംഗാളിൽ പ്രവര്‍ത്തിച്ചതെന്നും നഡ്ഡ പറഞ്ഞു.  

ബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 6ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസം  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 19 വരെയാണ് നാമനിര്‍ദ്ദേശ പത്രികകൾ സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകൾ പിൻവലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണൽ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക‍്‍സഭയിലെ 543  അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് തീരുക.

ആരാകും അടുത്ത രാഷ്ട്രപതി? വോട്ടെടുപ്പ് നാളെ; 60 ശതമാനം വോട്ടുറപ്പിച്ച് ദ്രൗപദി മു‍ർമു

രാജ്യത്തെ അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നാളെ. നാളെ രാവിലെ പത്തിന് വോട്ടെടുപ്പ് തുടങ്ങും. പാർലമെന്റിൽ അറുപത്തിമൂന്നാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. ബാലറ്റ് പെട്ടികൾ സംസ്ഥാനങ്ങളിൽ എത്തിച്ചു. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് നാല്പത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ, എൻഡിഎ സ്ഥാനാർത്ഥി അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പാക്കി കഴിഞ്ഞു. വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻഡിഎയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. അതേസമയം പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക്, ആം ആദ്‍മി പാർട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് ആശ്വാസം. 


 

Follow Us:
Download App:
  • android
  • ios