മാണ്ഡ്യ: കലാവതി(25)ക്ക് സിആര്‍പിഎഫ് ജവാനായ തന്‍റെ ഭര്‍ത്താവ് എച്ച് ഗുരുവിനെ നഷ്ടമായത് കഴിഞ്ഞ ഫെബ്രുവരി 14ലെ പുല്‍വാമ അക്രമണത്തിലാണ്. കൃത്യം 14 ദിവസങ്ങള്‍ക്ക് മുമ്പ്. എന്നാല്‍ ഇപ്പോള്‍ അവര്‍ പുതിയൊരു പ്രശ്നത്തെ നേരിടുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കലാവതിയെ ഭര്‍ത്താവിന്‍റെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് എച്ച് ഗുരുവിന്‍റെ കുടുംബമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച് ഗുരുവിന്‍റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്‍റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് വിവരം. 

അന്തരിച്ച നടന്‍ അംബരീഷിന്‍റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവിന്‍റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്. 

പുനര്‍ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച് കലാവതി  മാണ്ഡ്യ പൊലീസില്‍ സഹായം തേടി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്‍റെ കുടുംബത്തെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. 'ടൈംസ് ഓഫ് ഇന്ത്യ' അടക്കമുളള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.