മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ കോം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് തടയണമെന്നാണ് മേരി കോം ആവശ്യപ്പെട്ടത്

ഇംഫാല്‍: മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബോക്സിങ് താരം മേരി കോം. മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ കോം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് തടയണമെന്നാണ് മേരി കോം ആവശ്യപ്പെട്ടത്. കോം വിഭാഗം മണിപ്പൂരിലെ തദ്ദേശീയ ഗോത്രമാണെന്നും ന്യൂനപക്ഷങ്ങളിലെ ഏറ്റവും ചെറിയ വിഭാഗമാണെന്നും മേരി കോം ചൂണ്ടിക്കാട്ടി.

"പരസ്പരം എതിര്‍ക്കുന്ന രണ്ട് വിഭാഗങ്ങൾക്കിടയിൽ ചിതറിക്കിടക്കുകയാണ് ഞങ്ങള്‍. എന്റെ സമുദായത്തിനെതിരെ ഇരുവശത്തും പല ഊഹാപോഹങ്ങളും സംശയങ്ങളും ഉണ്ട്. പ്രശ്‌നങ്ങൾക്ക് നടുവിലാണ് ഞങ്ങള്‍. എണ്ണത്തില്‍ കുറവായതുകൊണ്ടുതന്നെ അധികാര പരിധിയിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ശക്തിക്കെതിരെയും നിലകൊള്ളാന്‍ കോം വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. കോം ഗ്രാമങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാൻ ഞങ്ങൾ സുരക്ഷാ സേനയുടെ സഹായം തേടുന്നു"- മേരി കോം കത്തില്‍ വ്യക്തമാക്കി.

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും പൊലീസും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിഷ്പക്ഷമായി നിര്‍വഹിക്കണമെന്ന് മേരി കോം ആവശ്യപ്പെട്ടു. മെയ്തികളും കുക്കികളും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒന്നിക്കണമെന്നും മേരി കോം അഭ്യര്‍ത്ഥിച്ചു. 

"നമുക്ക് സഹവർത്തിത്വം കൂടിയേ തീരൂ. അതിനാൽ നമുക്ക് നമ്മുടെ വ്യത്യാസങ്ങളും മുറിവുകളും മാറ്റിവെയ്ക്കാം"- മുന്‍ എംപിയും പത്മവിഭൂഷണ്‍ പുരസ്കാര ജേതാവുമായ മേരി കോം പറഞ്ഞു.

മണിപ്പൂരിലെ സംഘർഷം പരിഹരിക്കാൻ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മേരി കോം മുന്‍പും ആവശ്യപ്പെട്ടിരുന്നു. 'എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ' വെന്ന് മണിപ്പൂരിലെ സംഘർഷത്തിന്‍റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് മേരി കോം അഭ്യർത്ഥിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോം ട്വീറ്റ് ചെയ്തത്. മണിപ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ മെയ് മാസത്തിലായിരുന്നു ഇത്.