ഭോപ്പാൽ: മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ടോള്‍ പ്ലാസ അടിച്ചുതകര്‍ത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ 35 ഓളം പേരടുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

മുഖംമൂടി ധരിച്ച ഒരു കൂട്ടം യുവാക്കൾ ടോൾ പ്ലാസയിലേക്ക് ഓടുന്നതും പിന്നാലെ അത് കേടുവരുത്തുന്നതും വീഡിയോയിൽ കാണാം. ഇന്‍ഡോര്‍-അഹമ്മദാബാദ് ദേശീയപാതയിലെ മേത്‌വാഡ ടോള്‍പ്ലാസയിൽ വെള്ളിയാഴ്ച രാത്രി 8.17ഓടെ ആയിരുന്നു ആക്രമണം. കല്ലും വടികളും ഉപയോഗിച്ചാണ് ഇവര്‍ അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ടോള്‍ പ്ലാസയിലെ കമ്പ്യൂട്ടറുകള്‍, ​ഗ്ലാസ് ഷീല്‍ഡുകള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ നശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ കൊള്ള സംഘമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടോള്‍ പ്ലാസയില്‍ ഗ്രാമീണര്‍ക്ക് ഇളവ് വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ടോള്‍പ്ലാസ നടത്തിപ്പുകാര്‍ തള്ളി. ഇതിനെതിരെ നിരവധി പേർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.